കൊച്ചി: കേരളത്തിലെത്തുന്ന നിക്ഷേപകര്‍ ചുവപ്പുനാട കുരുക്കിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടെന്നും
വ്യവസായത്തിനുള്ള അനുമതികളും ലൈസന്‍സുകളും ചുവപ്പുനാടയില്‍പ്പെടാതെ സംരംഭകര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തെ നിക്ഷേപകരുടെ സ്വന്തം നാടാക്കുകയും സംസ്ഥാനത്തിന്റെ വികസനം അടുത്തഘട്ടത്തിലേക്കു കടക്കുകയുമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഉച്ചക്കോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവവിഭവശേഷി വികസനത്തില്‍ കേരളം കൈവരിച്ചത് അഭിമാനനേട്ടമാണ്.
വ്യവസായങ്ങള്‍ക്കു വലിയ പിന്തുണയാണ് വികസനത്തിന്റെ ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഭൂമി കിട്ടിയില്ലെന്ന കാരണത്താല്‍ ഒരു സംരംഭകനും ഇനി കേരളത്തില്‍നിന്നു മടങ്ങേണ്ടി വരില്ല. തടസ്സമില്ലാത്ത വൈദ്യുതിയും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും എല്ലായിടത്തും ഉറപ്പാക്കും.
കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി സജ്ജമാകുന്നതോടെ സംസ്ഥാനത്തെ ഏയറോസ്‌പേസ് മേഖലയും ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ നാട് വ്യവസായങ്ങളുടെ സ്വര്‍ഗമെന്ന് വ്യവസായ മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയവും പ്രത്യയ ശാസ്ത്രപരവുമായ ഭിന്നതകള്‍ വ്യവസായത്തിന്റെ കാര്യത്തില്‍ മാറ്റിവയ്ക്കും. ജനങ്ങളുടെ അടിസ്ഥാന അവകാശമായി ഇന്റനെറ്റ് പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. മികച്ച മനുഷ്യവിഭവ ശേഷി കേരളത്തിന് ഉറപ്പാക്കാന്‍ കഴിയുമെന്നും വ്യവസായ മന്ത്രി പി.രാജീവ് വ്യക്തമാക്കി. ജര്‍മനി, മലേഷ്യ, വിയറ്റ്‌നാം, നോര്‍വേ, ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെയും പങ്കാളിത്തം ഉച്ചകോടിയിലുണ്ട്. ഓരോ രാജ്യത്തിന്റെയും പ്രതിനിധികളുടെ അവതരണവും ഇന്നും നാളെയുമായി നടക്കും. വിദേശ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ചയുമുണ്ട്.
വിവിധ വേദികളില്‍ 28 സെഷനുകളിലായി ചര്‍ച്ചകളില്‍ 200ലേറെ പ്രഭാഷകരുണ്ടാകും. ഷാര്‍ജ, അബുദാബി, ദുബായ്, സ്വിസ്, ഖത്തര്‍ ചേംബര്‍ പ്രതിനിധികളും പങ്കെടുക്കും.
എഐ ആന്‍ഡ് റോബട്ടിക്‌സ്, എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ്, ലോജിസ്റ്റിക്‌സ്, മാരിടൈം ആന്‍ഡ് പാക്കേജിങ്, ഫാര്‍മ-മെഡിക്കല്‍ ഉപകരണങ്ങള്‍- ബയോടെക്, പുനരുപയോഗ ഊര്‍ജം, ആയുര്‍വേദം, ഫുഡ്‌ടെക്, മൂല്യവര്‍ധിത റബര്‍ ഉല്‍പന്നങ്ങള്‍, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, മാലിന്യസംസ്‌കരണം എന്നിവയാണ് ഉച്ചകോടിയില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്ന മേഖലകള്‍.
കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, സഹമന്ത്രി ജയന്ത് ചൌധരി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും വ്യവസായ പ്രമുഖരുമടക്കം ചടങ്ങിനെത്തി. മൂവായിരത്തിലധികം പ്രതിനിധികളാണ് നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുന്നത്. സ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന സമ്മേളനമാകും ഇന്‍വെസ്റ്റ് കേരള എന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍.
