കാസര്‍കോട്: ഗാര്‍ഹിക ഉപയോഗ വാതക സിലിണ്ടറുകള്‍ അനധികൃതമായി ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും നല്‍കുന്നതായി ആരോപണം. വീട്ടുകാര്‍ ഏജന്‍സിയെ സമീപിക്കുമ്പോള്‍ പലകാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുന്നതായും പരാതി ഉയര്‍ന്നു. കാസര്‍കോട്, കുമ്പള മേഖലയിലാണ് വീട്ടുകാരെ വലയ്ക്കുന്ന നടപടിയുമായി ഗ്യാസ് ഏജന്‍സികള്‍ മുന്നോട്ട് പോകുന്നത്. ഹോട്ടലുകളിലേക്കും തട്ടുകടകളിലേക്കും ഏജന്‍സികള്‍ ഗാര്‍ഹിക ആവശ്യത്തിനായുള്ള ഗ്യാസ് സിലിണ്ടറുകള്‍ നൂറും ഇരുന്നൂറും രൂപ അധികം ഈടാക്കി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. അവര്‍ക്ക് ബുക്കിങ് പോലും വേണ്ടെന്നാണ് സംസാരം. ഏജന്‍സികള്‍ക്ക് കീഴില്‍ ഒരു പ്രത്യേക ടീം ഹോട്ടലുകള്‍ക്ക് സിലിണ്ടറുകള്‍ എത്തിച്ചുനല്‍കാന്‍ രംഗത്തുണ്ട്. ഏജന്‍സികളുടെ അനധികൃത വില്‍പന തടയിടണമെന്നാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്.
