കാസര്‍കോട്: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന സണ്‍ഡെ തിയറ്ററിന്റെ കുട്ടികളുടെ സിനിമ ‘പച്ചത്തെയ്യം’ ചിത്രീകരണം പൂര്‍ത്തിയായി. പ്രശസ്ത നാടക-സിനിമാ പ്രവര്‍ത്തകന്‍ ഗോപി കുറ്റിക്കോല്‍ ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. 12 ദിവസം പാണത്തൂര്‍, ബേഡകം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്. സണ്‍ഡേ തീയറ്ററില്‍ നടത്തിയ മൂന്നു ദിവസത്തെ അഭിനയ ശില്‍പശാലയില്‍ നിന്നാണ് കുട്ടികളെ തെരഞ്ഞെടുത്തത്. വിഡിയോ ഗെയിമിന് അടിമപ്പെട്ട കുട്ടികളെ തിരികെ കൊണ്ടുവരാന്‍ ഗ്രാമത്തിലെ നിഷ്‌കളങ്കരായ കുട്ടികള്‍ നടത്തുന്ന ശ്രമങ്ങളാണ് പ്രമേയം.
തെരഞ്ഞെടുക്കപ്പെട്ട 24 കുട്ടികളും സിനിമാ നടന്‍മാരായ സന്തോഷ് കീഴാറ്റൂര്‍, ഉണ്ണിരാജ്, രാജേഷ് അഴിക്കോടന്‍, സുരേഷ് മോഹന്‍, സിപി ശുഭ, കുട്ടികളായ ശ്രീഹരി, പാര്‍വണ കൃഷ്ണജിത്ത് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം മനോജ് സേതു നിര്‍ഹിച്ചു. സതീഷ് ബാബു ക്രിയേറ്റീവ് ഡയരക്ടറായും അനൂപ് രാജ് ഇരിട്ടി ചീഫ്അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. അനന്തകൃഷ്ണന്‍ (കല), അനീഷ് കുറ്റിക്കോല്‍ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), സംഗീതം -കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ഗാനങ്ങള്‍- സേതുമാധവന്‍ പാലാഴി, പശ്ചാത്തല സംഗീതം-ജോജി. ഒരു മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം. മാര്‍ച്ച് അവസാനവാരം പ്രദര്‍ശനത്തിന് എത്തും.
