കാസര്‍കോട്: ജില്ലാ ആസ്ഥാനത്തു സാഹിത്യ ചര്‍ച്ചകള്‍ക്കു ചെലവു കൂടുമെന്നു സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. കലാസാംസ്‌കാരിക സംഘടനകള്‍ വേണ്ടത്രയുള്ള കാസര്‍കോട്ട് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാള്‍ കുറഞ്ഞ വാടകക്കു ലഭിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഈ ഹാളിലെ കസേരകള്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഉദയഗിരിയിലെ വലിയ കെട്ടിടത്തിലേക്കു മാറ്റാന്‍ മുകളില്‍ നിന്നു ഉത്തരവു ലഭിച്ചുവത്രെ. ആര്‍ഭാടങ്ങളോടു കൂടിയ വലിയ കെട്ടിടം നിര്‍മ്മിച്ചവര്‍ക്കു കസേര വാങ്ങാന്‍ പണമില്ലെന്ന ധര്‍മ്മ സങ്കടം കാസര്‍കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകരെ അമ്പരപ്പിച്ചിരിക്കുകയാണെന്നു പറയുന്നു. പുലിക്കുന്നിലെ ലൈബ്രറി ഹാള്‍ നോക്കുകുത്തിയാവുകയാണെന്നും അതിനെതിരെ പ്രതിഷേധം ഉയരണമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
