കുപ്രസിദ്ധ ക്ഷേത്ര കവര്‍ച്ചക്കാരന്‍ ഗൂഡിനേബെള്ളി റഫീഖ് അറസ്റ്റില്‍; പിടിയിലായത് മാന്യ അയ്യപ്പ ക്ഷേത്രകവര്‍ച്ചാ കേസില്‍, മോഷണം പോയ തിരുവാഭരണങ്ങള്‍ കണ്ടെടുത്തു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലടക്കം വിവിധ ആരാധനാലയങ്ങളില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. കര്‍ണ്ണാടക, ഗുഡിനേബെള്ളിയിലെ റഫീഖ് എന്ന മുഹമ്മദ് റഫീഖി (36)നെയാണ് ബദിയഡുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ സുധീര്‍കുമാറും സംഘവും അറസ്റ്റു ചെയ്തത്. നീര്‍ച്ചാല്‍, മാന്യ അയ്യപ്പ ക്ഷേത്രത്തിലെ കവര്‍ച്ചാ കേസിലാണ് അറസ്റ്റ്. 2024 നവംബര്‍ മൂന്നിനു രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അയ്യപ്പ ഭജനമന്ദിരത്തിന്റെ ഇരുമ്പ് ഗേറ്റ്, ശ്രീകോവില്‍ എന്നിവയുടെ പൂട്ടു തകര്‍ത്താണ് റഫീഖും സംഘവും അകത്തു കടന്നത്. അയ്യപ്പന്റെ വെള്ളിഛായാഫലകവും അതിനു മുകളില്‍ ചാര്‍ത്തിയിരുന്ന അരകിലോഗ്രാം തൂക്കമുള്ള വെള്ളിയില്‍ തീര്‍ത്ത രുദ്രാക്ഷമാല, രണ്ടുഗ്രാം സ്വര്‍ണ്ണ ലോക്കറ്റ് എന്നിവയാണ് കവര്‍ച്ച പോയത്. മാന്യ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്ന ദിവസം തന്നെ പൊയ്‌നാച്ചി ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവില്‍, ഓഫീസ് എന്നിവയുടെ പൂട്ട് തകര്‍ത്ത് സ്വര്‍ണ്ണവും 10,000 രൂപ വിലമതിക്കുന്ന ഡി വി ആറും, ഭണ്ഡാരത്തില്‍ നിന്നു 5000 രൂപയും കവര്‍ന്നതു റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണെന്നു പൊലീസ് പറഞ്ഞു. മുഹമ്മദ് റഫീഖിന്റെ കൂട്ടു പ്രതികളായ ഉള്ളാളിലെ മുഹമ്മദ് ഫൈസല്‍, ബണ്ട്വാളിലെ സാദത്ത് അലി, കൊടിയമ്മയില്‍ താമസക്കാരനായ ഇബ്രാഹിം കലന്തര്‍ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ബംഗ്‌ളൂരുവില്‍ വില്‍പ്പന നടത്തിയ മോഷണ മുതലുകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, ഡിവൈ എസ് പി സി കെ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എസ് ഐ മാരായ നിഖില്‍, സി എം തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി കെ പ്രസാദ്, സി ഇ ഒ മാരായ മുഹമ്മദ് ആരിഫ്, കെ ശ്രീനേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page