കൊച്ചി: പ്രശസ്ത സിനിമ സംവിധായകൻ ഷാഫി (56)അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 9.30 മുതൽ ഒരുമണിവരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബർസ്താനിൽ കബറടക്കും. കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടു കൺട്രീസ്, ഷെർലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതിൽ മജ എന്ന തമിഴ് ചിത്രവും ഉൾപ്പെടുന്നു. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്.
എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്. റഷീദ് എന്നാണ്. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. രാജസേനന്റെയും റാഫി-മെക്കാർട്ടിൻ സംവിധായകരുടേയും സഹായിയാണ് സിനിമാരംഗത്തേക്കുള്ള പ്രവേശനം. 2001-ൽ പുറത്തിറങ്ങിയ വൺമാൻഷോ എന്ന ചിത്രത്തിലൂടെ ഷാഫി സ്വതന്ത്ര സംവിധായകനായി. തുടർന്ന് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളൊരുക്കി. മലയാള സിനിമയില്‍ ചിരിയുടെ പൂക്കാലം സമ്മാനിച്ച സംവിധായകനെയാണ് ഷാഫിയുടെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. ഷാഫി സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. കല്യാണ രാമനിലേയും പുലിവാല്‍ കല്യാണത്തിലേയും ചട്ടമ്പിനാടിലേയും തൊമ്മനും മക്കളിലേയും വണ്‍മാന്‍ ഷോയിലേയുമെല്ലാം ഒരു മീമെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാണാത്തവരുണ്ടാകില്ല.
ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്.
