വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ രാജ്യ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സി മഹോത്സവ പ്രതീതിയിലേക്കു മാറിയിരിക്കുന്നു.
ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇതിനു മുന്നോടിയായി ഉച്ചക്കു 12 മണിക്കു തന്നെ ചരിത്രം കുറിക്കുന്ന ആഹ്ലാദാരവ ഘോഷയാത്രക്കു ജനങ്ങള്‍ തയ്യാറെടുത്തു നില്‍ക്കുന്നു. ഞങ്ങള്‍ ജയിച്ചു എന്ന മുദ്രാവാക്യവുമായി തടിച്ചുകൂടിയ വന്‍ ജനക്കൂട്ടം ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍’, അമേരിക്കയുടെ ആര്‍ജവവും സുരക്ഷിതത്വവും അന്തസ്സും കൂടുതല്‍ ഉന്നതിയിലെത്തിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി തലസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിക്കുകയാണ്.
അതേ സമയം ജനവിധിയില്‍ നമ്മള്‍ ജയിക്കുക മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കു വിജയം ഉറപ്പാക്കാന്‍ ശക്തിയുള്ള തലമുറയെ വാര്‍ത്തെടുക്കാനുള്ള ജനകീയ ഐക്യദാര്‍ഢ്യം കൂടിയാണെന്നു ട്രംപ് അണികള്‍ക്കു ആവേശം പകരുന്നു.
അമേരിക്കന്‍ പ്രസിഡണ്ടുമാരുടെ സത്യപ്രതിജ്ഞ ജനുവരി 20നു നടത്തണമെന്നത് 1933 മുതലുള്ള അമേരിക്കയുടെ ഭരണഘടനാ കീഴ് വഴക്കമാണ്. നാലുവര്‍ഷം മുമ്പ് ജോബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ ട്രംപ് അനുകൂലികള്‍ കൂട്ടംകൂടി അക്രമമുണ്ടാക്കിയ അതേ സ്ഥലത്തു നിന്നാണ് ആഹ്ലാദ പ്രകടനം ആരംഭിക്കുന്നത്. സത്യപ്രതിജ്ഞയ്ക്കു ശേഷം സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോബൈഡനും വൈസ് പ്രസിഡന്റിനും ആചാരപരമായ യാത്രയയപ്പ് നല്‍കും. തുടര്‍ന്നു പ്രസിഡന്റ് ട്രംപിന്റെ ഒപ്പുവയ്ക്കല്‍ ചടങ്ങാണ്. പ്രസിഡന്റിന്റെ നിര്‍ദ്ദേശങ്ങള്‍, മെമ്മോറാണ്ടങ്ങള്‍, പ്രഖ്യാപനങ്ങള്‍, ഉത്തരവുകള്‍ എന്നിവയില്‍ ഒപ്പുവയ്ക്കും. തുടര്‍ന്ന് വൈസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയാണ്. പിന്നീട് മനോഹരിയായ അമേരിക്ക എന്ന സന്ദേശവുമായി അമേരിക്കന്‍ സൈനിക വിഭാഗങ്ങള്‍ ഗാനാലാപനം നടത്തും. ആദ്യദിവസം പ്രസിഡന്റ് ട്രംപ് 50 എക്‌സിക്യുട്ടീവ് ഓര്‍ഡറുകളില്‍ ഒപ്പുവയ്ക്കും.