Author: കൂക്കാനം റഹ്‌മാന്‍
വലതു വശത്തു നില്‍ക്കുന്ന ശകുന്തള ഇടതുവശത്ത് തൊട്ട് നില്‍ക്കുന്ന പ്രേമലത അതിനടുത്ത് നില്‍ക്കുന്ന രമണി. ഇവര്‍ 1974-75 വര്‍ഷം കരിവെള്ളൂര്‍ നോര്‍ത്ത് എല്‍.പി.സ്‌കൂളിലെ എന്റെ പ്രിയ വിദ്യാര്‍ത്ഥിനികളായിരുന്നു. അന്ന് എന്റെ മുമ്പിലിരുന്ന പത്തുവയസ്സുകാരികളായ പെണ്‍കുട്ടികളായിരുന്നു ഇവര്‍. പിന്നീട് ഞാന്‍ ഇവരെ കണ്ടിട്ടില്ല. അറുപതിലെത്തിയ ഈ പ്രിയപ്പെട്ടവരെ കണ്ടിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. എന്നിട്ടും അവര്‍ എന്നെ മറന്നില്ല. 17നു വൈകിട്ട് 3 മണിക്ക് ഇവര്‍ എന്നെ കാണാന്‍ വന്നു. അമ്പതുവര്‍ഷം മുമ്പുണ്ടായ ക്ലാസോര്‍മ്മകള്‍ അവര്‍ പങ്കിട്ടു. തല്ലാത്ത മാഷ്, ഒന്നിച്ച് കൂടി കളിക്കുന്ന മാഷ്, ക്ലാസിന് പുറത്ത് കൊണ്ടുപോയി സസ്യങ്ങളെക്കുറിച്ചും വിവിധ ജീവജാലങ്ങളെക്കുറിച്ചും കാണിച്ചു തന്നും പഠിപ്പിക്കുന്ന മാഷ്, എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. ശകുന്തള മനോഹരമായി പാട്ടുപാടും എന്ന് കൂടെയുള്ള രണ്ടു പേരും പറഞ്ഞപ്പോള്‍ മാഷിന് വേണ്ടി ഞാന്‍ പാടാം എന്ന് സൂചിപ്പിച്ചു കൊണ്ട് അതിമധുരമായി ഒരു സിനിമാഗാനം ശകുന്തള ആലപിച്ചു. ശകുന്തള ബ്രാഹ്‌മണ സ്ത്രീയാണ്. എന്നെ പാക്കത്തോറ് മാഷ് എന്നാണ് പോലും കുട്ടികള്‍ പരസ്പരം പറയുക. അവള്‍ ന്യായീകരണവും പറഞ്ഞു. മാഷ് വലത്തോട്ടാണ് മുണ്ടുടുക്കാറ്. ശരീര രൂപവും നമ്പൂതിരി സ്റ്റെയിലാണ്.
അഞ്ചാം ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോയും മൊബൈലില്‍ അവര്‍ കാണിച്ചു തന്നു. മാഷിന്റെ സമീപത്തു നിന്ന് ഫോട്ടോയെടുക്കാന്‍ ഞങ്ങള്‍ കൊതിച്ചിരുന്നു. അത് നടന്നില്ല. ഇന്ന് മാഷിന്റെ അടുത്തു നിന്ന് ഞങ്ങള്‍ക്ക് ഫോട്ടോ എടുക്കണം. അവരുടെ ആഗ്രഹപ്രകാരമാണ് ഈ ഫോട്ടോ എടുത്തത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സിനുള്ളില്‍ സൂക്ഷിച്ചു വെച്ച ആഗ്രഹങ്ങള്‍ പറയാനും ക്ലാസ് മുറിയിലും പുറത്തും നടന്ന സംഭവങ്ങള്‍ ഓര്‍ത്തു പറയാനും അവര്‍ക്ക് മൂന്ന് പേര്‍ക്കും നൂറുനാവാണ്. മൂന്നു പേരും വീട്ടമ്മമാരായി കഴിഞ്ഞു വരുന്നു. ചെറിയ ടൂറിന് പോയും കൂട്ടുകാരുടെയും ബന്ധുജനങ്ങളുടെയും ചടങ്ങുകളില്‍ സംബന്ധിച്ചും ജീവിതം ആസ്വദിക്കുന്നു. മക്കളും കുഞ്ഞുമക്കളും ഭര്‍ത്താക്കന്മാരും സ്‌നേഹ സൗഹൃദത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞു വരുന്നു.
എന്നിട്ടും പ്രാഥമിക വിദ്യാഭ്യാസം നേടിയ വിദ്യാലയത്തേയും, ഒപ്പം പഠിച്ച കൂട്ടുകാരെയും പഠിപ്പിച്ച അധ്യാപകരേയും ചേര്‍ത്ത് പിടിക്കുന്ന ഈ പ്രിയ വിദ്യാര്‍ത്ഥിനികള്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.
ഈ നന്മ മനസ്സിന് ആശംസകള്‍ നേര്‍ന്ന് ഞാന്‍ എഴുതിയ ഓരോ പുസ്തകം അവര്‍ക്ക് സമ്മാനമായി നല്‍കി.
ജീവിതത്തിന്റെ ഈ സായംസന്ധ്യയിലും ഓര്‍മ്മകള്‍ പങ്കിടാനും എന്നെ കണ്ട് സന്തോഷിക്കാനും വന്ന പ്രിയ വിദ്യാര്‍ത്ഥിനികളെ, നേരട്ടെ നിങ്ങള്‍ക്ക് ആയുരാരോഗ്യസൗഭാഗ്യങ്ങള്‍.