കൊച്ചി: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തില്‍ ഇടപെടാതെ ഹൈക്കോടതി. മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ‘സമാധി’ വിവാദത്തില്‍ ഭാര്യ സുലോചന നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആണെന്ന് കോടതിക്ക് നിഗമനത്തില്‍ എത്തേണ്ടിവരുമെന്നും മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. നിലവില്‍ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ മരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് അറിയിച്ച കോടതി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നു പറഞ്ഞു. എങ്ങനെ മരിച്ചുവെന്ന് പറയാന്‍ കുടുംബത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മരണം എവിടെയാണ് അംഗീകരിച്ചതെന്നും ഇക്കാര്യത്തില്‍ സംശയാസ്പദമായ സാഹചര്യം ഇക്കാര്യത്തില്‍ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ ജില്ലാ കലക്ടര്‍ക്ക് നോട്ടിസ് അയച്ച കോടതി, കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. സമാധി സ്ഥലം പൊളിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കളക്ടര്‍, ആര്‍ ഡി ഒ, പൊലീസ് എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം എന്ന് കല്ലറ പൊളിച്ച് പരിശോധന തുടങ്ങും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
