കാസര്‍കോട്: ഗുളികന്‍ ദേവസ്ഥാനത്തെ ഊട്ടുപുരയിലെ ഭക്ഷണവും പാത്രങ്ങളും നശിപ്പിച്ചത് ചോദ്യം ചെയ്ത വിരോധത്തിനാണെന്നു പറയുന്നു, യുവാവിനെ മര്‍ദ്ദിക്കുകയും പെരുവിരല്‍ കടിച്ചുമുറിച്ച് എല്ലു പൊട്ടിക്കുകയും ചെയ്തതായി പരാതി. നീലേശ്വരം, ചിറപ്പുറം, ആലിങ്കീഴില്‍ ഹൗസിലെ ബി. രമേശന്റെ പരാതിയില്‍ കിഷോര്‍, ചിപ്പു എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. പുതുവത്സര ദിനത്തില്‍ രാത്രി 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ആലിങ്കീഴില്‍ ഗുളികന്‍ ദേവസ്ഥാനത്തെ ഊട്ടുപുരയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണങ്ങളും പാത്രങ്ങളും നേരത്തെ നശിപ്പിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത വിരോധത്തില്‍ കാലിച്ചാന്‍ കാവ് ക്ഷേത്രത്തിനു സമീപത്തു വച്ച് പരാതിക്കാരനെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം തള്ളിയിട്ട് അടിക്കുകയും ചവിട്ടുകയും ചെയ്തുവത്രെ. തടയാന്‍ ശ്രമിച്ചപ്പോള്‍ ഇടതു കൈയ്യുടെ പെരുവിരല്‍ കടിച്ചു മുറിച്ച് എല്ലു പൊട്ടിച്ചുവെന്നും ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.