കാസര്‍കോട്: ഇരിയണ്ണിയിലും ബോവിക്കാനത്തും പുലി ഭീതി തുടരുന്നതിനിടയില്‍ സമീപ പ്രദേശമായ ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍, കടുവനത്തൊട്ടി, ശങ്കരംങ്കാട്ടിലും പുലിയിറങ്ങി. കൃഷ്ണകുമാറിന്റെ റബ്ബര്‍ തോട്ടത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ടാപ്പിംഗിനു എത്തിയ തൊഴിലാളികളാണ് പുലികളെ കണ്ടത്. രണ്ടു പുലികളെ അകലെ നിന്നു കണ്ടുവെന്ന് ടാപ്പിംഗ് തൊഴിലാളികള്‍ പറയുന്നു. വിവരമറിഞ്ഞു ബന്തടുക്ക ഫോറസ്റ്റ് സെക്ഷന്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പുലിയുടേതെന്നു സംശയിക്കാവുന്ന കാല്‍പ്പാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അവര്‍ അറിയിച്ചു. പ്രദേശ വാസികള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കി വനപാലകര്‍ മടങ്ങി. ഇതിനിടയില്‍ ഇരിയണ്ണി, മുണ്ടക്കാട്ട് ജനവാസ മേഖലയോട് ചേര്‍ന്നുള്ള സ്ഥലത്ത് വ്യാഴാഴ്ച പകല്‍ പുലിയും കാട്ടുപോത്തും ഏറ്റുമുട്ടിയ സംഭവവും ഉണ്ടായി. പുലിയുടെയും കാട്ടുപോത്തിന്റെയും പോര്‍വിളി കേട്ടവര്‍ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. ജീവനക്കാരെത്തി നടത്തിയ പരിശോധനയില്‍ അടിക്കാടുകള്‍ ഒടിഞ്ഞ നിലയില്‍ കണ്ടെത്തി. പുലിയുടെയും കാട്ടുപോത്തിന്റെയും കാല്‍പാടുകള്‍ സ്ഥിരീകരിച്ചു. സാധാരണഗതിയില്‍ ബലവും വലുപ്പവും കൂടിയ കാട്ടുപോത്തുകളെ പുലികള്‍ അക്രമിക്കാറില്ല. കാട്ടിനകത്ത് ചെറിയ ജീവികള്‍ കുറഞ്ഞുവെന്നാണ് പുലി, കാട്ടുപോത്തിനെ ആക്രമിച്ച സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നു ഫോറസ്റ്റു വൃത്തങ്ങള്‍ പറഞ്ഞു.
