കാസര്‍കോട്: പെരിയ, കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം സിബിഐ കോടതി ഇന്നു പ്രഖ്യാപിക്കാനിരിക്കെ പൊലീസ് കനത്ത ബന്തവസ് ഏര്‍പ്പെടുത്തി. കല്യോട്ട്, ഏച്ചിലടുക്കം, പെരിയ ഭാഗങ്ങളിലാണ് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പൊലീസിനെ കൂടാതെ കണ്ണൂര്‍, മാങ്ങാട്ട്പറമ്പ് സായുധ പൊലീസ് ക്യാമ്പില്‍ നിന്നു 75 പേരെ കല്യോട്ട് നിയോഗിച്ചു. 25 പേരടങ്ങിയ ടീം വ്യാഴാഴ്ചയും 50 പേരടങ്ങിയ മറ്റൊരു ടീം വെള്ളിയാഴ്ച രാവിലെയുമാണ് എത്തിയത്. ചില അക്രമസംഭവങ്ങള്‍ നടക്കാന്‍ ഇടയുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് കൂടുതല്‍ പൊലീസിനെ വിന്യസിച്ചത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജ്, എസ്.എം.എസ് ഡിവൈ.എസ്.പി കെ. പ്രേംസദന്‍ എന്നിവര്‍ക്കാണ് സുരക്ഷാ ചുമതല. ബേക്കല്‍ പൊലീസ് സബ് ഡിവിഷന്‍ പരിധിയിലെ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാരെയും സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. പൊലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.