കൊച്ചി: കലൂരിലെ സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു മെഡിക്കല്‍ ബുള്ളറ്റിന്‍ വെളിപ്പെടുത്തി. തങ്ങളും എംഎല്‍എയുടെ മകനും പറഞ്ഞതിനോടെല്ലാം ഉമാതോമസ് പ്രതികരിച്ചുവെന്നു ബുള്ളറ്റിന്‍ പറഞ്ഞു. കണ്ണുതുറന്നു, കാലുകള്‍ അനക്കി. ചിരിക്കാന്‍ പറഞ്ഞപ്പോള്‍ ചിരിച്ചു, മകന്റെ കൈയില്‍ മുറുകെ പിടിക്കാന്‍ പറഞ്ഞപ്പോള്‍ അതും ചെയ്തു.
അണുബാധയുണ്ടാകാതെ സൂക്ഷിക്കുകയാണ് ഇപ്പോഴത്തെ ഏറ്റവും പ്രധാന ഉത്തരവാദിത്വം. പൂര്‍ണമായി ബോധം വന്നിട്ടില്ല. ഇപ്പോഴും വെന്റിലേറ്ററിലാണ്. വെന്റിലേറ്റര്‍ സഹായമില്ലാതെ 24 മണിക്കൂര്‍ കഴിഞ്ഞാലേ ഗുരുതരാവസ്ഥ മറികടന്നുവെന്നു പറയാനാവു-ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിലെ പരിക്കുകളില്‍ ആശാവഹമായ പുരോഗതിയുണ്ട്. ശ്വാസകോശത്തിന്റെ കാര്യത്തില്‍ നേരിയ പുരോഗതിയാണുള്ളതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.







