ആലപ്പുഴ: കായങ്കുളം എംഎല്‍എ യു. പ്രതിഭയുടെ മകനെ കഞ്ചാവുമായി അറസ്റ്റ് ചെയ്ത എക്‌സൈസ് ഉദ്യോഗസ്ഥനെ മലപ്പുറത്തേക്ക് സ്ഥലംമാറ്റി. സര്‍വീസില്‍ നിന്നു വിരമിക്കുവാന്‍ അഞ്ചുമാസം മാത്രം ബാക്കിയിരിക്കെയാണ് സ്ഥലം മാറ്റം. ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ ജയരാജനെയാണ് സ്ഥലം മാറ്റിയത്. കൊല്ലം സ്വദേശിയാണ്. ജില്ലയിലെ മദ്യ-മയക്കുമരുന്നു മാഫിയയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്ന ജയരാജ് ചിലരുടെ കണ്ണിലെ കരടായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം എംഎല്‍എയുടെ മകനെ കഞ്ചാവുമായി അറസ്റ്റുചെയ്തത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. എന്നാല്‍ സ്ഥലം മാറ്റം നേരത്തെ തീരുമാനിച്ചിരുന്നതാണെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിശദീകരണം.
