കൊച്ചി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനു രണ്ടാംഘട്ട തുക സമയത്തുതന്നെ സമാഹരിച്ചു നൽകിയിരുന്നെങ്കിൽ ചർച്ച മുന്നോട്ടുപോകുമായിരുന്നെന്നും നിമിഷ ഇതിനകം മോചിതയാകുമായിരുന്നെന്നും മോചനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമുവൽ ജെറോം പ്രതികരിച്ചു. ഇനി ശ്രമം തുടരാനാകുന്നതാണെന്നും ദയാധനം സ്വീകരിക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടാകേണ്ടത് തലാലിന്റെ കുടുംബത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വധശിക്ഷ ഒരു മാസത്തിനകം നടപ്പിലാക്കും എന്നാണ് ലഭിക്കുന്ന വിവരം. ആദ്യഘട്ടത്തിൽ തലാൽ അഹ്മദിയുടെ ഏതാനും അടുത്ത കുടുംബാംഗങ്ങളുമായി ചർച്ച നടത്താൻ കഴിഞ്ഞിരുന്നു. 2021മുതൽ ആക്‌ഷൻ കൗൺസിൽ പ്രവർത്തിച്ചിരുന്നു. ബ്ലഡ്മണി സ്വീകരിച്ചു നിമിഷയോടു ക്ഷമിച്ചതായി കുടുംബം അറിയിച്ചാൽ ശിക്ഷ ഒഴിവാകുമായിരുന്നു. തലാലിന്റെ കുടുംബവുമായി അയാൾ ഉൾപ്പെടുന്ന ഗോത്രസമൂഹത്തിന്റെ പ്രതിനിധികളെ മധ്യസ്ഥരാക്കി ചർച്ചയാരംഭിക്കാൻ 40,000 യുഎസ് ഡോളർ വേണമെന്നു സാമുവൽ ജെറോമും യെമനിലെ അഭിഭാഷകരും അറിയിച്ചിരുന്നു.ആദ്യഘട്ടമായി നൽകേണ്ട 20,000 ഡോളറിൽ 19,871 ഡോളർ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു 2024 ജൂലൈയിൽ കൈമാറി. എന്നാൽ രണ്ടാം ഘട്ട തുക സമാഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല. തുകയുടെ വിനിയോഗം സംബന്ധിച്ചു കൃത്യമായ വിവരം വേണമെന്നു കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടതോടെ ശ്രമങ്ങൾ എല്ലാം പാളി. 2017ലാണ് യെമൻ പൗരനും നിമിഷപ്രിയയ്ക്കൊപ്പം സനായിൽ ക്ലിനിക് നടത്തിയ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷപ്രിയ, തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ, ഇതു ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം. ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ നിർബന്ധിക്കുമായിരുന്നെന്നും നിമിഷ പറയുന്നു. ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നു ജയിലിലായ തലാൽ പുറത്തെത്തിയ ശേഷം കൂടുതൽ ഉപദ്രവകാരിയായി. ജീവിക്കാൻ അനുവദിക്കില്ലെന്ന നില വന്നതോടെ ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയിൽ പറഞ്ഞത്. തലാല്‍ അബ്ദുമഹ്ദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റിലാണ് നിമിഷയെ യെമന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിമിഷയ്ക്കൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന ഇയാളെ നിമിഷയും കൂട്ടുകാരി ഹനാനും ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ജൂലൈ 25നായിരുന്നു സംഭവം. ദിവസങ്ങള്‍ പിന്നിട്ടതോടെ ടാങ്കില്‍നിന്ന് ദുര്‍ഗന്ധം വമിച്ചു. ഇതോടെ പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് കൊലപാതകം പുറത്തായത്. 2020ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. തനിക്ക് നിയമസഹായം ലഭിച്ചില്ലെന്ന് കാണിച്ച് അന്ന് നിമിഷ കോടതിയില്‍ അപ്പീല്‍ നല്‍കി. തലാല്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്വയംരക്ഷയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജി കോടതി തള്ളി. യെമന്‍ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിലവില്‍ നിമിഷപ്രിയ കഴിയുന്നത്.സംഭവത്തിൽ നിമിഷയെ സഹായിച്ച യെമൻകാരിയായ നഴ്സ് ഹനാനു ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചിരുന്നു.
