കാസര്‍കോട്: രണ്ടു ദിവസങ്ങളിലായി കാസര്‍കോട് ജില്ലയിലുണ്ടായ രണ്ടു വ്യത്യസ്ത അപകടങ്ങളില്‍ അഞ്ചു കുരുന്നു ജീവന്‍ നഷ്ടപ്പെട്ടു.
ശനിയാഴ്ച ഉച്ചക്ക് ഒന്നരമണിയോടെയാണ് നാടിനെ നടുക്കിയ ആദ്യത്തെ ദുരന്തം ആദൂര്‍, എരിഞ്ഞിപ്പുഴയില്‍ ഉണ്ടായത്. എരിഞ്ഞിപ്പുഴ പാലത്തിനു സമീപത്ത് പഴയകടവില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. എരിഞ്ഞിപ്പുഴ കടവിലെ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് യാസിന്‍ (12), സഹോദരന്‍ അബ്ദുല്‍ മജീദിന്റെ മകന്‍ അബ്ദുല്‍ സമദ് (13), ഇവരുടെ സഹോദരി റംലയുടെ മകന്‍ റിയാസ് (17) എന്നിവരാണ് മരിച്ചത്. നാടിനെ നടുക്കിയ ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് കാഞ്ഞങ്ങാട്, ഐങ്ങോത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടായ അപടത്തില്‍ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ക്കു ജീവന്‍ നഷ്ടമായത്. പടന്നക്കാട് തീര്‍ത്ഥങ്കരയിലെ ലത്തീഫ് കല്ലായിയുടെ മക്കളായ ലെഹഖ് സൈനബ (12), സേയിന്‍ റുമാന്‍ (9) എന്നിവരാണ് മരിച്ചത്. ലത്തീഫിന്റെ ഭാര്യ ഫാത്തിമത്ത് സുഹ്‌റാബി (40), മറ്റുമക്കളായ ഫായിസ് (18), ഷെറിന്‍ (14) എന്നിവര്‍ സാരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ഇളയകുട്ടി മിസബ് (മൂന്ന്) പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും പൊലീസുമെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്.
