കൊച്ചി: നൃത്ത പരിപാടിക്കിടയില്‍ വിഐപി ഗ്യാലറിയില്‍ നിന്നു വീണു പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എ.യുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉള്ളതായി മന്ത്രി പി. രാജീവ് അറിയിച്ചു. ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ആശങ്കപ്പെട്ടതുപോലെയുള്ള സാഹചര്യമല്ല ഇപ്പോള്‍ ഉള്ളതെന്നും ശസ്ത്രക്രിയ വേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി മന്ത്രി പറഞ്ഞു. കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ കഴിയേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
കലൂര്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച വൈകിട്ട് നടന്ന നൃത്തപരിപാടിക്കിടയിലാണ് വിഐപി ഗാലറിയില്‍ നിന്നു ഉമാതോമസ് എം.എല്‍.എ താഴേക്ക് വീണത്. ഗിന്നസ് ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് മെഗാഭരതനാട്യ പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്കായി 15 അടി ഉയരമുള്ള വേദിയാണ് ഒരുക്കിയിരുന്നത്. ഈ വേദിയില്‍ നിന്നു വീണാണ് അപകടം ഉണ്ടായത്. സംഘാടകരുടെ ഭാഗത്തു നിന്നു പിഴവു ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ഹൈബി ഈഡന്‍ എം.പി.യും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
