തൃശൂര്‍: ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നാരോപിച്ചു കരോള്‍ ഗാനാലാപനം പൊലീസ് തടഞ്ഞു.
ചാവക്കാട്, പാലയൂര്‍ സെന്റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി തേടിയിട്ടില്ലെന്നതായിരുന്നു കാരണമെന്നു പറയുന്നു. പള്ളിമുറ്റത്ത് ബുധനാഴ്ച രാത്രി 9 മണി മുതല്‍ 10 മണി വരെയാണ് കരോള്‍ ഗാനാലാപനമൊരുക്കിയിരുന്നത്. കരോള്‍ നടത്തിയാല്‍ വേദിയിലൊരുക്കിയ നക്ഷത്ര വിളക്കുകള്‍ ഉള്‍പ്പെടെ വലിച്ചെറിയുമെന്നു എസ്.ഐ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. സംഭവം ഇടവക അംഗങ്ങളില്‍ ചിലര്‍ സുരേഷ് ഗോപി എം.പിയെ ഫോണില്‍ അറിയിച്ചു. തുടര്‍ന്നു ഫോണ്‍ എസ്.ഐ.ക്കു കൊടുക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അവരോടു നിര്‍ദ്ദേശിച്ചു. എന്നാല്‍ ഫോണ്‍ വാങ്ങാന്‍ എസ്.ഐ വിസമ്മതിക്കുകയായിരുന്നുവെന്നു പറയുന്നു. സുരേഷ് ഗോപി പിന്നീടു പൊലീസ് തലവന്മാരെ വിളിച്ചെങ്കിലും കരോള്‍ ഗാനാലാപം പൊലീസ് വിലക്കുകയായിരുന്നുവത്രെ. പ്രാചീനകാലം മുതല്‍ പതിവുള്ള പരിപാടിയാണ് പൊലീസ് മുടക്കിയതെന്നു ഭാരവാഹികള്‍ പരിതപിച്ചു.
