കാസര്‍കോട്: മലബാറില്‍ പലയിടങ്ങളിലും സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും രഹസ്യമായി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു വനിതാ കമ്മീഷന്‍. സ്ത്രീകളെ ഈ രീതിയില്‍ ചൂഷണം ചെയ്യുന്നതിനെതിരെ ജാഗ്രത സമിതികള്‍ക്ക് ഇടപെടുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം പി കുഞ്ഞായിഷ പറഞ്ഞു. ചില ജില്ലകളില്‍ ഇത് സംബന്ധിച്ച പരാതികളും ലഭിച്ചിട്ടുണ്ട്. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. പാവപ്പെട്ട സ്ത്രീകളെ ദുര്‍മന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും പേരില്‍ ചൂഷണം ചെയ്യുന്നവരെ പൊതുജനമധ്യത്തില്‍ തുറന്നുകാണിക്കണം. സാധാരണക്കാരായ സ്ത്രീകളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ദുര്‍മന്ത്രവാദത്തിലേക്ക് ആഭിചാരക്രിയകളിലേക്കും നയിക്കുന്നതിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യമാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് ജാഗ്രത സമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നു അവര്‍ പറഞ്ഞു. കാസര്‍കോട് തിങ്കളാഴ്ച നടന്ന സിറ്റിങ്ങില്‍ 38 പരാതികള്‍ പരിഗണിച്ചു. ഇതില്‍ ഏഴെണ്ണം തീര്‍പ്പാക്കി. 31 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. ഇന്ന് പുതിയതായി ഒരു പരാതി ലഭിച്ചു. അഡ്വ.പി സിന്ധു, എ.എസ്.ഐ അനിത, ലീഗല്‍ അസിസ്റ്റന്റ് രമ്യ, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജ്യോതി എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.
