കൊച്ചി: കോതമംഗലത്ത് ആറു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍. കോതമംഗലം, നെല്ലിക്കുഴി, കുറ്റിലഞ്ഞിക്കു സമീപത്ത് പുതുപ്പാലത്ത് താമസിക്കുന്ന യു.പി സ്വദേശിയായ അജാസ്ഖാന്റെ ഭാര്യ അനീഷയാണ് അറസ്റ്റിലായത്. അജാസ്ഖാന്റെ ആദ്യഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ വീട്ടിലെ കുളിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്നു വ്യക്തമായത്. അനീഷ ഗര്‍ഭിണിയാണ്. ഇതിനിടയില്‍ മകളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് അജാസ്ഖാന്റെ ആദ്യ ഭാര്യ നിരന്തരം ഫോണില്‍ വിളിച്ചു ആവശ്യപ്പെട്ടു കൊണ്ടിരുന്നു. കുഞ്ഞിനെ വിട്ടു കൊടുക്കുന്നതോടെ ഭര്‍ത്താവിനെ തനിക്ക് നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കൊല നടത്തിയതെന്നാണ് അനീഷ പൊലീസിനു നല്‍കിയ മൊഴി. രാത്രി ഉറക്കത്തിനിടയിലാണ് കുഞ്ഞിനെ മൂക്കും വായയും പൊത്തിപ്പിടിച്ചു കൊലപ്പെടുത്തിയതെന്നും അനീഷ മൊഴി നല്‍കി.
കുട്ടിയുടെ കൊലപാതകത്തിനു മന്ത്രവാദവുമായി ബന്ധം ഉണ്ടെന്നായിരുന്നു ആദ്യ സംശയങ്ങള്‍. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിലാണ് യഥാര്‍ത്ഥ കാരണം വ്യക്തമായതെന്നു പൊലീസ് പറഞ്ഞു.
