കാസര്‍കോട്: നൂറു കണക്കിനു ആള്‍ക്കാരില്‍ നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്ത തൃശൂര്‍ കണിയാംകുളം ആസ്ഥാനമായുള്ള ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. മടിക്കൈ, അമ്പലത്തുകര, മൈത്തടത്തെ യു. മനോജ്, കാഞ്ഞിരപ്പൊയില്‍, പെരളത്തെ പ്രജിത്ത്, കാഞ്ഞിരപ്പൊയിലിലെ കെ. സുരേന്ദ്രന്‍ എന്നിവരുടെ പരാതി പ്രകാരമാണ് കേസ്. തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, ജീവനക്കാരായ തൃശൂരിലെ കൊല്ലാട്ട് ദാസന്‍ പ്രതാപന്‍, ഭാര്യ ശ്രീന പ്രതാപന്‍, മടിക്കൈ, കാഞ്ഞിരപ്പൊയിലിലെ സജിത എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.
സുരേന്ദ്രനില്‍ നിന്നു 9,9000 രൂപയും ഇയാളുടെ സഹോദരി ലീലയുടെ കൈയില്‍ നിന്നു നാലു ലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി. മനോജ് കുമാറില്‍ നിന്നു 6.5 ലക്ഷം രൂപയും പ്രജിത്തില്‍ നിന്നു അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമാണ് മറ്റു രണ്ടു തട്ടിപ്പു കേസുകള്‍. ഹൈറിച്ച് കമ്പനിക്കെതിരെ കാസര്‍കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നേരത്തെ തട്ടിപ്പിനു കേസെടുത്തിരുന്നു.
