കാസർകോട്: കാറിൽ കടത്തിയ 50 ഗ്രാം എംഡി എംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. ഒരാൾ രക്ഷപ്പെട്ടു. അജാനൂർ മീനാപ്പീസ് കടപ്പുറം സ്വദേശി അബ്ദുൽ ഹക്കീം(27), കുമ്പള കൊപ്പളം സ്വദേശി അബ്ദുൽ റാഷിദ് (29), ഉദുമ പാക്യാര സ്വദേശി അബ്ദുൽ റഹ്മാൻ(25) എന്നിവരാണ് മേൽപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് അഷ്റഫ് (29) ആണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ എട്ടരയോടെ പൊയിനാച്ചിയിൽ വച്ച് മേൽപ്പറമ്പ് ഇൻസ്പെക്ടർ സന്തോഷ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. സംശയം തോന്നിയ പൊലീസ് വാഹനം തടഞ്ഞു പരിശോധന നടത്തുകയായിരുന്നു. അബ്ദുൽഹക്കീമാണ് കാറോടിച്ചിരുന്നത്. പുത്തൻ കാറിന്റെ ബോണറ്റ് ഹീറ്റ് പ്രൊട്ടക്ടർ ഷീറ്റ് അടർത്തിനോക്കിയപ്പോൾ താഴെ വീണ പ്രഥമശുശ്രൂഷ കിറ്റിനത്താണ് മൂന്ന് പൊളിത്തീൻ കവറുകളിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ.ഉണ്ടായിരുന്നത്. സംശയം തോന്നാതിരിക്കാൻ മൊബൈൽ സിം കവറിനുള്ളിൽ മറ്റൊരു കവറിലാണ് ഇതുണ്ടായിരുന്നത്. കർണാടകയിൽ നിന്ന് സുള്ള്യ – ബന്തടുക്ക വഴിയാണ് സംഘം പൊയിനാച്ചി ദേശീയപാതയിൽ എത്തിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ വാഹനങ്ങൾ കുറുകെയിട്ട് സമീപത്തെ ഇടവഴികൾ അടച്ചാണ് കാറിനെ തടഞ്ഞത്. പരിശോധന തുടങ്ങവെ മുഹമ്മദ് അഷ്റഫ് ടൗണിന്റെ കിഴക്ക് ഭാഗത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.
