കാസര്‍കോട്: മീറ്റര്‍ ബോര്‍ഡിലെ ഫ്യൂസൂരി വച്ച ശേഷം പതിയിരുന്ന കള്ളന്‍ വീട്ടമ്മയുടെ രണ്ടു പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തോടി. കളനാട്, വാണിയന്‍മൂലയിലെ കെ. കമല (53)യുടെ മാലയാണ് നഷ്ടമായത്. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘വീട്ടു മുറ്റത്തിരുന്നു ബീഡി കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു കമല. രാത്രി ഏഴര മണിയായതോടെ വൈദ്യുതി നിലച്ചു. ബ്രേക്കര്‍ താഴ്ന്നതാണെന്നു കരുതി അകത്തുപോയി നോക്കി. എന്നാല്‍ ബ്രേക്കര്‍ യഥാസ്ഥിതിയിലായിരുന്നു. അയല്‍പക്കത്തെ വീടുകളിലെ വൈദ്യുതി പോയിട്ടില്ലെന്നു വ്യക്തമായതോടെ മെയിന്‍ സ്വിച്ചിന് സമീപത്തെത്തി. ഈ സമയത്ത് പതിയിരുന്ന മോഷ്ടാവ് തുണിയെടുത്തു കമലയുടെ മുഖവും തലയും മൂടി. പിടിവലിക്കിടയില്‍ കമല വീണു. ഇതിനിടയിലാണ് അക്രമി മാല പൊട്ടിച്ചോടിയത്. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും അക്രമി കടന്നു കളഞ്ഞിരുന്നു. മീറ്റര്‍ ബോര്‍ഡിലെ ഫ്യൂസ് ഊരിയ നിലയിലും കാണപ്പെട്ടു.’
കമല നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
