എരുമേലി: അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി 14,000 രൂപ മോഷ്ടിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്, ഉത്തമപാളയം സ്വദേശി പളനിസ്വാമി (45), കുമളിയിലെ ഭഗവതി (52), തമിഴ്‌നാട്, ദിണ്ടിഗല്‍ സ്വദേശി മുരുകന്‍ (58) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. എരുമേലി ചെറിയമ്പലത്തില്‍ നിന്നു വലിയമ്പലത്തിലേക്ക് പേട്ട തുള്ളല്‍ നടത്തുന്ന സമയത്താണ് ഇതര സംസ്ഥാനത്തു നിന്നുള്ള അയ്യപ്പ ഭക്തന്റെ പണം നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച് അയ്യപ്പഭക്തന്‍ എരുമേലി പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. ശബരിമല തീര്‍ത്ഥാടകരുടെ പണം ലക്ഷ്യം വച്ചാണ് മൂന്നു പേരും എരുമേലിയില്‍ ഒത്തുകൂടിയതെന്നു പൊലീസ് പറഞ്ഞു.
