കാസര്‍കോട്: ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ വില്ലേജ് ഓഫീസര്‍മാരും തങ്ങളുടെ വില്ലേജ് പരിധിയിലെ എല്ലാ സ്‌കൂളുകളും സന്ദര്‍ശിക്കണമെന്ന് ജില്ലാ കളക്ടര്‍. പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ട് കുട്ടികള്‍ സുരക്ഷിതമായി വീടുകളില്‍ തിരിച്ചെത്തുന്നുണ്ടെന്നു ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ നിര്‍ദ്ദേശിച്ചു. മഞ്ചേശ്വരം താലൂക്കില്‍ എഡിഎം കാസര്‍കോട് താലൂക്കില്‍ ആര്‍ഡിഒ കാഞ്ഞങ്ങാട് താലൂക്കില്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ എന്നിവര്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അടിയന്തിര ഘട്ടത്തില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ജാഗ്രത പുലര്‍ത്തേണ്ടതും, ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം ജില്ലയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഈ ദിവസങ്ങളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുമെന്ന് കളക്ടര്‍ അറിയിച്ചു. തീരദേശങ്ങളിലും മലയോരങ്ങളിലും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ മീന്‍പിടുത്തത്തിന് പോകാന്‍ പാടില്ല. ജില്ലയില്‍ ക്വാറികളിലെ ഖനനവും രണ്ടുദിവസത്തേക്ക് നിര്‍ത്തിവെക്കേണ്ടതാണ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് കാണുന്ന തരത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. റോഡുകളില്‍ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളില്‍ അടിയന്തരമായി അപകട സാധ്യത ലഘുകരിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തും.
