കാസര്‍കോട്: ജില്ലയിലെ ദേശീയപാതയിലെ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നു ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടു. എം.എല്‍. എ യുടെ ആവശ്യത്തെത്തുടര്‍ന്നു, അശാസ്ത്രീയ ഹമ്പുകള്‍ ഒഴിവാക്കുന്നതിനും വാഹനങ്ങളില്‍ നിയമ പ്രകാരം അല്ലാതെ ലൈറ്റുകള്‍ സജ്ജീകരിക്കുന്നതിനെതിരെ ഉടന്‍ നടപടി എടുക്കാനും മോട്ടോര്‍ വാഹന വകുപ്പിനോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. അമിതവേഗത റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നത്തിനു പ്രധാന കാരണമാകുന്നുണ്ടെന്നു കളക്ടര്‍ ചൂണ്ടിക്കാട്ടി. നടപടികള്‍ പരിശോധിക്കുന്നതിന് സബ് കളക്ടറുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക പരിശോധന നടത്താന്‍ തീരുമാനിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ ലൈറ്റുകള്‍ പുനസ്ഥാപിക്കുന്നതു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കണമെന്നു ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് എല്‍.എ. ഡെപ്യൂട്ടി കളക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ചെമ്മട്ടം വയല്‍-തയ്യല്‍ വീട് റോഡ്, ക്രൈസ്റ്റ് സ്‌കൂള്‍-പൈരടുക്കം അംഗന്‍വാടി റോഡ് എന്നിവ ഗതാഗതയോഗ്യമാക്കാത്തത്, ഐങ്ങോത്ത് ഫുഡ് ഓവര്‍ സ്ഥാപിക്കാത്തത് മുതലായ പരാതികള്‍ പരിശോധിച്ചു വിവരം നല്‍കാന്‍ കളക്ടര്‍ ബന്ധപ്പെട്ട ജീവനക്കാരോട് ആവശ്യപ്പെട്ടു.