ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ച വിമാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി. ശനിയാഴ്ച ഉച്ചയോടെ ഇന്‍ഡിയോ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിക്കവെ വിമാനം ഇടത്തോട് ചെരിയുകയായിരുന്നു. പിന്നാലെ പറന്നുയരുകയും ചെയ്തു. ഇന്‍ഡിഗോ വിമാനത്തിന്റെ അതിസാഹസിക ലാന്‍ഡിങ്ങിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ശക്തമായ മഴയ്ക്കും കാറ്റിനുമിടയിലായിരുന്നു വിമാനത്തിന്റെ ലാന്‍ഡിങ്. ഈ സമയം ക്രോസ് വിന്‍ഡ് (എതിര്‍ ദിശയില്‍ കാറ്റു വീശുന്ന അവസ്ഥ) സംഭവിച്ചതാണ് വിലയിരുത്തല്‍.
ലാന്‍ഡിങ്ങിനായി റണ്‍വേയില്‍ തൊട്ടതോടെ ഇടത്തോട് ചെരിഞ്ഞ വിമാനം നിമിഷ നേരം കൊണ്ടു തന്നെ ലാന്‍ഡിങ് ശ്രമം ഉപേക്ഷിക്കുകയും പറന്നുയരുകയുമായിരുന്നു. റണ്‍വേയില്‍ വെള്ളം തളം കെട്ടി നിന്നിരുന്നതും സ്ഥിതി ദുഷ്‌കരമാക്കി. ഇതിന് പിന്നാലെ അടച്ച ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലര്‍ച്ചയോടെയാണ് തുറന്നത്. പൈലറ്റിന്റെ മനസ്സാന്നിധ്യമില്ലായിരുന്നെങ്കില്‍ അപകടകരമായ സാഹചര്യമുണ്ടാവുമായിരുന്നെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.