ബംഗ്‌ളൂരു: ഇരുപതുകാരിയുമായി ഒളിച്ചോടി വിവാഹം കഴിച്ച 40കാരനെ നാട്ടാചാരമനുസരിച്ചു വിവാഹം നടത്താമെന്നു പ്രലോഭിപ്പിച്ചു തിരിച്ചു വീട്ടിലെത്തിച്ച ശേഷം അടിച്ചുകൊന്നു.
സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളായ ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തു. 20 പേര്‍ക്കെതിരെ കേസെടുത്തു.
കര്‍ണ്ണാടക ചിത്രദുര്‍ഗയിലാണ് സംഭവം. ഒളിച്ചോടിയ ഇവര്‍ ഹൊസഗുഡ്ഡ ക്ഷേത്രത്തില്‍ വിവാഹം കഴിച്ചു. വിവരമറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ തന്ത്രപൂര്‍വ്വം വധൂവരന്മാരെ കണ്ടെത്തി ആചാരത്തോടെ വിവാഹാഘോഷം നടത്തിത്തരാമെന്നു പ്രലോഭിപ്പിച്ചു നാട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്നു യുവതിയെ അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. 40കാരനായ വരന്‍ മഞ്ജുനാഥ് ബുധനാഴ്ച കോണങ്കൂരിലെ വീട്ടിലെത്തിയ വിവരമറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ ഇരുമ്പുവടിയും മറ്റു മാരകായുധങ്ങളുമായി മഞ്ജുനാഥയുടെ വീട്ടിലെത്തുകയും മഞ്ജുനാഥയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
മഞ്ജുനാഥ നേരത്തെ വിവാഹിതനായിരുന്നു. ആദ്യ ഭാര്യ തൂങ്ങിമരിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ജയിലിലായിരുന്ന മഞ്ജുനാഥ ജയില്‍മോചിതനായ ശേഷം യുവതിയുമായി പ്രണയത്തിലാവുകയായിരുന്നുവത്രെ. അങ്ങനെയാണ് ഇരുവരും ഒളിച്ചോടി വിവാഹിതരായത്.
മഞ്ജുനാഥയെ കൊലപ്പെടുത്തിയ കേസിലെ മറ്റു പ്രതികള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
