മംഗ്ളൂരു: കാമുകന് പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയ വിഷമത്തില്‍ 17കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി എലിവിഷം കഴിച്ച് ജീവനൊടുക്കി. ബെല്‍ത്തങ്ങാടി, സ്വദേശിനിയായ റിഷ്വിയാണ് മരിച്ചത്. സംഭവത്തില്‍ മാതാവ് നല്കിയ പരാതി പ്രകാരം കാമുകന് ചാര്മാടിയിലെ രവീണ്ഗൗഡയ്ക്കെതിരെ ബെല്‍ത്തങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
റിഷ്വിയും രവീണ്ഗൗഡയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായി. അടുത്തിടെ കാമുകന് ഈ ബന്ധത്തില്‍ നിന്നു പിന്മാറിയതാണ് പെണ്‍കുട്ടിയെ വിഷമത്തിലാക്കിയത്. കാമുകിയെ കല്യാണം കഴിക്കാന്‍ രവീണ്ഗൗഡ ആഗ്രഹിച്ചിരുന്നുവെങ്കിലും പാവപ്പെട്ട കുടുംബമായതിനാല്‍ കല്യാണം നടത്താന്‍ കഴിയില്ലെന്നു വീട്ടുകാര്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന് കാമുകനെ പ്രേരിപ്പിച്ചതെന്നു പറയുന്നു. 20 ദിവസം മുമ്പാണ് ഇരുവരും വാട്സ്ആപ്പില്‍ ഏറ്റവും അവസാനമായി ബന്ധപ്പെട്ടത്. പ്രണയബന്ധത്തില്‍ നിന്നു പിന്മാറുന്ന കാര്യവും അങ്ങനെ സംഭവിച്ചാല്‍ ജീവനൊടുക്കുമെന്നു റിഷ്വി മറുപടി പറയുന്നതുമായ വാട്സ്ആപ് സന്ദേശം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എങ്കില്‍ പോയി ജീവനൊടുക്കുവെന്ന കാമുകന്റെ മറുപടി കേട്ട ശേഷമാണ് റിഷ്വി വിഷം കഴിച്ചതെന്നു മാതാവ് നല്കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്തതോടെ രവീണ് ഗൗഡ ഒളിവില്‍ പോയി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നു.
