കാസര്‍കോട്: നൂറോളം ലഹരി ഗുളികകള്‍ കൈവശം വച്ച കേസിലെ ഒന്നാം പ്രതിയെ 10 വര്‍ഷം കഠിന തടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട്, ചേരങ്കൈയിലെ മുഹമ്മദ് മര്‍ഷൂഖി(28)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്.
2022 ഡിസംബര്‍ 26ന് ആണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട്, നഗരസഭയുടെ കീഴിലുള്ള റെയില്‍വെ സ്റ്റേഷനിനു സമീപത്തെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി പാര്‍ക്കില്‍ വച്ച് ടൗണ്‍ എസ് ഐ എം വി വിഷ്ണു പ്രസാദ് ആണ് മര്‍ഷൂഖിനെ അറസ്റ്റു ചെയ്തത്. കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഗുളികകള്‍ സൂക്ഷിച്ചിട്ടുള്ള കാര്യം വ്യക്തമായത്. തുടര്‍ന്ന് ഒരു ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ ലഹരി ഗുളികകള്‍ കൊണ്ടുവന്നത് നെതര്‍ലാന്റില്‍ നിന്നാണെന്നു കണ്ടെത്തി. കൊറിയര്‍ വഴിയായിരുന്നു മയക്കുമരുന്ന് മുംബൈയില്‍ എത്തിച്ചത്. ക്രിപ്റ്റോ കറന്‍സി വഴിയാണ് പണം നല്‍കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനു സഹായം ചെയ്തുവെന്നതിനു മറ്റൊരാളെ കൂടി കേസില്‍ പ്രതി ചേര്‍ത്തിരുന്നുവെങ്കിലും കോടതി വെറുതെവിട്ടു. അന്വേഷണ സംഘത്തില്‍ പൊലീസുകാരായ രഞ്ജിത്ത്, മോഹനന്‍, വിജയന്‍ എന്നിവരും ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ചന്ദ്രമോഹന്‍ ഹാജരായി.
