വരന് സര്‍ക്കാര്‍ ജോലി ഇല്ലെന്ന് മനസിലാക്കിയ വധു വിവാഹവേദിയില്‍ നിന്ന് പിണങ്ങിപ്പോയി. ഇതോടെ
വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് സംഭവം. വിവാഹത്തിന് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒട്ടുമിക്ക ചടങ്ങുകളും കഴിഞ്ഞിരുന്നു. ഇതിനിടെയാണ് വരന് സര്‍ക്കാര്‍ ജോലിയല്ല എന്ന കാര്യം യുവതി അറിയുന്നത്. തുടര്‍ന്ന് ചടങ്ങുകള്‍ തുടരാന്‍ ഇവര്‍ വിസമ്മതിക്കുകയായിരുന്നു. രണ്ട് വീട്ടുകാരും യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തീരുമാനത്തില്‍ നിന്ന് വധു പിന്മാറിയില്ല. യുവതി വിവാഹം വേണ്ടെന്ന് വച്ചതോടെ വരന്റെ ബന്ധുക്കള്‍ കയര്‍ത്ത് മടങ്ങിപ്പോയി. ഒരു സ്വകാര്യ കമ്പനിയില്‍ പ്രതിമാസം 1.2 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന എഞ്ചിനീയറായിരുന്നു വരന്‍. ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ സ്വദേശിയായ ഇയാള്‍ക്ക് ധാരാളം വസ്തുവകകളും ഉണ്ട്. എന്നിട്ടും സര്‍ക്കാര്‍ ജോലി ഇല്ല എന്നത് ചൂണ്ടിക്കാട്ടി യുവതി വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു എന്നാണ് വിവരം. വധുവിനെ പറഞ്ഞ് മനസിലാക്കാനായി വരന്റെ സാലറി സ്ലിപ്പ് വരെ ബന്ധുക്കള്‍ കാട്ടി. അതില്‍ പ്രതിമാസം 1.2 ലക്ഷം രൂപ ശമ്പളം കണ്ടിട്ടും യുവതി തന്റെ നിലപാടിലുറച്ച് നിന്നു. സംഭവവുമായി ബന്ധപ്പെട്ട് വരന്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. സ്വകാര്യ മേഖലയെ അപേക്ഷിച്ച് കൂടുതല്‍ സ്ഥിരതയും തൊഴില്‍ സുരക്ഷയും വാഗ്ദാനം ചെയ്യുന്നതിനാല്‍ പലരും സര്‍ക്കാര്‍ ജോലിക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.
