കണ്ണൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ വന്‍തുക ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി രൂപ തട്ടിയെടുത്ത കേസില്‍ കര്‍ണ്ണാടക, കുടക് സ്വദേശികള്‍ അറസ്റ്റില്‍. ടി.എ അനീഫ് (28), മുഹമ്മദ് സവാദ് (26) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാലിന്റെ നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഉഡുപ്പിക്കു സമീപത്ത് ഇന്‍കം ടാക്‌സില്‍ ജോലി ചെയ്യുന്ന ചെറുതാഴം സ്വദേശിയുടെ പണം തട്ടിയ കേസിലാണ് അറസ്റ്റ്. തട്ടിപ്പ് സംബന്ധിച്ച് പരിയാരം പൊലീസിലാണ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിരുന്നത്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി. 2024 മെയ് 29മുതല്‍ ജുലായ് ഒന്നു വരെയുള്ള കാലയളവില്‍ 360 അക്കൗണ്ടുകളിലേക്കാണ് 1,0076,000രൂപ നിക്ഷേപിച്ചത്. ചണ്ഡീഗഡ്, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലുള്ള അക്കൗണ്ടുകളാണിവ. ബംഗ്‌ളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
