ഹൈദരാബാദ്: പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മക്കെതിരെ പൊലീസ് ലുക്ക് ഔട്ട് പുറപ്പെടുവിച്ചു. പ്രൊമോഷന്റെ ഭാഗമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവെച്ച സംഭവത്തിലാണ് പൊലീസ് നടപടി.
തിങ്കളാഴ്ച രാവിലെ മുതല്‍ സംവിധായകന്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുതിയ ചിത്രം ‘വ്യൂഹ’ത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് റാം ഗോപാല്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്‌മണി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പങ്കുവെച്ചത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പിന്നീട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരമാണ് അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സമന്‍സ് അയച്ചതിന് പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു. രാമിന്റെ ഹൈദരാബാദിലെ വീട് പൊലീസ് വളഞ്ഞതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അതേസമയം, വെര്‍ച്വലായി ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അഭിഭാഷകന്‍ മുഖേന രാം ഗോപാല്‍ വര്‍മ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.