കാസര്‍കോട്: സ്‌കൂളിലേക്കു പോവുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കടന്നല്‍ക്കൂട്ടം ആക്രമിച്ചു. പരിസരവാസികളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടി രക്ഷപ്പെട്ടത്. കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സവാദി(15)നെയാണ് കടന്നല്‍കൂട്ടം ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കാലിയടുക്കത്തെ വീട്ടില്‍ നിന്നു നടന്നു പോവുകയായിരുന്ന സവാദിനെ സ്‌കൂളില്‍ എത്താന്‍ മീറ്ററുകള്‍ മാത്രം ബാക്കിയിരിക്കെയാണ് എവിടെ നിന്നോ ഇളകിയെത്തിയ കടന്നല്‍കൂട്ടം ആക്രമിച്ചത്. നിലത്തുവീണിട്ടും കടന്നലുകള്‍ പിന്മാറിയില്ല. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ദേഹത്തേക്ക് പുതപ്പ് ഇട്ടതോടെയാണ് കടന്നലുകള്‍ പിന്മാറിയത്. സാരമായി കുത്തേറ്റ സവാദിനെ പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്‌കൂള്‍ അധികൃതരും പിടിഎ പ്രസിഡണ്ട് ഹാരിസും ആശുപത്രിയിലെത്തി.
