ബംഗ്‌ളൂരു: ബാഗല്‍കോട്ടില്‍ പാഴ്‌സല്‍ വഴിയെത്തിയ ഹെയര്‍ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകള്‍ അറ്റ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊപ്പാള്‍, കുസ്തഗി സ്വദേശി സിദ്ധപ്പ ശീലാവത് (35) ആണ് അറസ്റ്റിലായത്. ഇല്‍ക്കല്‍ സ്വദേശിയായ രാജേശ്വരി (37)യുടെ കൈവിരലുകളാണ് നഷ്ടമായത്.
സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ-രാജേശ്വരിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് രാജേശ്വരി സിദ്ധപ്പയുമായി അടുപ്പത്തിലായി. എന്നാല്‍ അടുത്തിടെ ഈ ബന്ധത്തില്‍ നിന്നു രാജേശ്വരി അകന്നു. ഇവരുടെ അയല്‍വാസിയായ ശശികലയാണ് ഇതിനു കാരണക്കാരിയെന്നാണ് സിദ്ധപ്പ കരുതിയിരുന്നത്. പ്രതികാരമെന്ന നിലയില്‍ ശശികലയെ കൊലപ്പെടുത്താന്‍ സിദ്ധപ്പ തീരുമാനിച്ചു. നേരത്തെ ക്വാറികളില്‍ ജോലി ചെയ്തു പരിചയമുള്ള സിദ്ധപ്പ ചെറുബോംബുണ്ടാക്കി ഹെയര്‍ഡ്രെയറിനുള്ളില്‍ സ്ഥാപിച്ച് ശശികലയുടെ വിലാസത്തില്‍ പാഴ്‌സലായി അയച്ചു. പാഴ്‌സല്‍ എത്തിയപ്പോള്‍ ശശികല ഉണ്ടായിരുന്നില്ല. രാജേശ്വരിയാണ് പാഴ്‌സല്‍ ഏറ്റുവാങ്ങിയത്. പിന്നീട് ശശികലയുടെ നിര്‍ദ്ദേശപ്രകാരം രാജേശ്വരി പാഴ്‌സല്‍ തുറന്നു നോക്കിയപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശശികല ഹെയര്‍ഡ്രയര്‍ ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്നു വ്യക്തമായി. വിശദമായ അന്വേഷണത്തിലാണ് സിദ്ധപ്പയാണ് സംഭവത്തിനു പിന്നിലെന്നു വ്യക്തമായതും അറസ്റ്റു ചെയ്തതും.