വൈദികനെന്ന് പരിചയപ്പെടുത്തും, വെല്ലൂരിൽ എംബിബിഎസ് സീറ്റ് നൽകാമെന്ന് വാഗ്ദാനവും, നിരവധി രക്ഷിതാക്കളിൽ നിന്ന് തട്ടിയത് കോടികൾ, ഒടുവിൽ അറസ്റ്റ്

ചെന്നൈ: വെല്ലൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു രക്ഷിതാക്കളിൽ നിന്ന് കോടികൾ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റിലായി. വൈദികനെന്ന് സ്വയം പരിചയപ്പെടുത്തുന്ന ജേക്കബ് തോമസ് ആണ് പിടിയിലായത്. ചെന്നൈ അന്തർദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് തൃശൂരിൽ നിന്നുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. ഇയാൾക്കെതിരെ തൃശൂർ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നാഗ്പൂരിലും ഇയാൾക്കെതിരെ കേസ് ഉണ്ട്. തമിഴ്നാട്ടിലെ പ്രമുഖ കോളേജിൽ സ്റ്റാഫ് ക്വാട്ടയിൽ എംബിബിഎസ് സീറ്റ് നൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. കേരളത്തിലും സംസ്ഥാനത്തിന് പുറത്തുമുള്ള നിരവധി രക്ഷിതാക്കളാണ് ഇയാളുടെ വലയിൽ കുടുങ്ങിയത്.
ഇന്ത്യയിൽ ബീഹാർ, ഹരിയാന, തമിഴ്നാട് എന്നീ പല സംസ്ഥാനങ്ങളിലും കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ജേക്കബ് തോമസ് പത്തനംതിട്ടയിലെ കൂടൽ സ്വദേശിയാണ്. വർഷങ്ങളായി നാട്ടിൽ നിന്നും മാറി നിൽക്കുന്ന ഇയാൾ കന്യാകുമാരി തക്കലയിൽ താമസിച്ചിരുന്ന സമയത്താണ് കേരളത്തിലെ രക്ഷിതാക്കളെ കബളിപ്പിച്ചത്. സുവിശേഷ പ്രവർത്തകൻ എന്ന നിലയിൽ പ്രവർത്തിക്കുന്ന ജേക്കബ് തോമസ് ആഡംബര കാറുകളിലാണ് സഞ്ചാരം. വെല്ലൂരിലെ സിംഎസി മെഡിക്കൽ കോളേജുമായും ആഗ്ലിക്കൻ ബിഷപ്പുമായും അടുത്ത ബന്ധം ഉള്ള ആളെന്നും മറ്റും പറഞ്ഞാണ് ജേക്കബ് തോമസ് രക്ഷിതാക്കളെ വലയിലാക്കിയിരുന്നത്. തട്ടിപ്പിന് ഇരയായവരിൽ പലരും 60 ഉം 80 ലക്ഷം രൂപ വീതം നഷ്ടപ്പെട്ടവരാണ്. ഈ കേസിൽ ബിഷപ്പാണെന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റർ പോൾ ഗ്ലാഡ്സനെയും, പാസ്റ്റർമാരായ വിജയകുമാർ, അനുസാമുവൽ എന്നിവരേയും ജേക്കബ് തോമസിന്റെ മകൻ റെയ്നാർഡിനേയും തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന് ശേഷം പല സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന ജേക്കബ് തോമസിനെ കുടുക്കാൻ ജില്ലാ പൊലീസ് മേധാവി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
തൃശൂർ വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ ജേക്കബ് തോമസിന് തൃശൂർ സിജെഎം കോടതിയുടെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു. മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page