ന്യൂഡല്‍ഹി: യുപിയിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാമസ്ജിദ് പരിസരത്തു കോടതി നിര്‍ദേശപ്രകാരം ഞായറാഴ്ച രാവിലെ നടന്ന രണ്ടാമത്തെ വിശദമായ സര്‍വ്വെയ്ക്ക് നേരെ ആക്രമണം നടത്തിയ ഒരുസംഘം ആളുകളെ പിരിച്ചുവിടാന്‍ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ മരിച്ചതായി മൊറാദാബാദ് ഡിവിഷണല്‍ കമ്മീഷ്ണര്‍ അനന്യകുമാര്‍ പറഞ്ഞു. നയീന്‍, ബിലാല്‍, നിമാന്‍ എന്നിവരാണ് മരിച്ചത്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 22 പൊലീസുകാര്‍ക്കും എസ്.ഡി.എം ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും പരിക്കേറ്റു. അക്രമി സംഘത്തില്‍പെട്ട 15 പേരെ കസ്റ്റഡിയിലെടുത്തു. സംഭാലിലെ ഷാഹി ജുമാമസ്ജിദ് അതേസ്ഥലത്തുണ്ടായിരുന്ന ശ്രീ ഹരിഹര്‍ ക്ഷേത്രമായിരുന്നുവെന്നും 1529ല്‍ ബാബറുടെ ഭരണ കാലത്ത് അത് പള്ളിയാക്കിയതാണെന്നും ആരോപിച്ച് കേരള ദേവീ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ക്ഷേത്രം വിശദമായി അളന്നു തിട്ടപ്പെടുത്തുവാന്‍ കോടതി നിര്‍ദേശിച്ചത്. ഇതനുസരിച്ച് ഉയര്‍ന്ന റവന്യൂ പൊലീസ് ഉദ്യോഗസ്ഥരുടെയും വിവിധ പൊലീസ് സേനകളുടെയും സാന്നിധ്യത്തില്‍ രണ്ടുമണിക്കൂറോളം സര്‍വേ നടന്ന ശേഷമാണ് ആള്‍ക്കൂട്ടമെത്തിയത്. പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്ത സംഘത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടത്തി. അതിന് ശേഷവും അക്രമം ഉണ്ടായതിനെ തുടര്‍ന്നാണ് വെടിവയ്പ്പു നടന്നതെന്ന് പൊലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇതിനിടയില്‍ അളവ് പൂര്‍ത്തിയാക്കി സര്‍വേ സംഘം മടങ്ങി. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.