ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ അഞ്ചുവയസ്സുകാരിയായ മകളെ മാതാവ് കഴുത്തു ഞെരിച്ചു കൊന്നു. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹിയിലെ ദീപ് ചന്ദ് ബന്ധു ആശുപത്രിയില്‍ ഒരു കുട്ടിയെ മരിച്ച നിലയില്‍ എത്തിച്ചിരുന്നു. ആശുപത്രി അധികൃതര്‍ പൊലീസിന് നല്‍കിയ വിവരം അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് ബന്ധുക്കളെയും മാതാവിനെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് മാതാവ് തന്റെ മകളെ കഴുത്തു ഞെരിച്ചു കൊന്നതാണെന്ന് പൊലീസിനോട് സമ്മതിച്ചത്. ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി രാഹുല്‍ എന്ന യുവാവുമായി ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടിരുന്നു. പിന്നീട് ഇയാളെ വിവാഹം കഴിക്കാനായി ഡല്‍ഹിയിലേക്ക് എത്തുകയായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഒരു കുട്ടിയുള്ളതിനാല്‍ യുവതിയെ രാഹുലിന്റെ കുടുംബം സ്വീകരിച്ചില്ല. വിവാഹത്തെ എതിര്‍ക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ നിരാശയാണ് മകളെ കഴുത്തു ഞെരിച്ചു കൊല്ലുന്നതിലേക്ക് യുവതിയെ നയിച്ചത്. ഡല്‍ഹിയിലേക്ക് വരുന്നതിനു മുന്‍പ് ഹിമാചല്‍ പ്രദേശില്‍ ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു യുവതിയും മകളും താമസിച്ചിരുന്നത്. അവിടെ വച്ച് മകള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കൊലപാതകം പീഡനം പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.