കാസർകോട്: പൂച്ചയെ രക്ഷിക്കാനായി കിണറിൽ ഇറങ്ങി തിരിച്ചു കയറാൻ പറ്റാതെ കുടുങ്ങിയ വിദ്യാർത്ഥിക്ക് രക്ഷകരായത് ഫയർഫോഴ്സ്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ ഏരിയാപ്പാടി മതക്കംമൂലയിലാണ് സംഭവം. പ്രദേശവാസിയായ ഹമീദിന്റെ വീട്ടു കിണറ്റിൽ രണ്ടുദിവസം മുമ്പ് പൂച്ച വീണിരുന്നു. പൂച്ചയെ രക്ഷിക്കാനായി ഹമീദിന്റെ മകൻ ബി എ അബ്ദുള്ള കിണറിൽ ഇറങ്ങി. പൂച്ചയെ രക്ഷിച്ച ശേഷം തിരിച്ചു കയറാൻ സാധിച്ചില്ല. പടവുകൾ ഇല്ലാത്ത കിണറിലായിരുന്നു വിദ്യാർത്ഥി ഇറങ്ങിയത്. 18 കോല്‍ താഴ്ചയുള്ള കിണറിൽ 8 അടിയോളം വെള്ളം ഉണ്ടായിരുന്നു. വീട്ടുകാരുടെ വിവരത്തെത്തുടർന്ന് കാസർകോട് നിന്നും അഗ്നിരക്ഷാസേന എത്തി. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ വിഎൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ റസ്ക്യൂ നെറ്റ് ഉപയോഗിച്ച് പരിക്കുകളൊന്നും ഏൽക്കാതെ വിദ്യാർത്ഥിയെ കിണറിനുള്ളിൽ നിന്നും പുറത്തെത്തിച്ചു. പൂച്ചയെ രക്ഷിക്കുന്നതിനിടെ കടിയേറ്റതിനാൽ ആശുപത്രിയിൽ പോകുവാൻ നിർദ്ദേശിച്ചു. കാസർകോട് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരായ ടി കെ ശ്രീകേഷ്, അഖിൽ അശോകൻ, കെ ആർ അജേഷ്, ഷിബു, പ്രവീൺ എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Well done monee