മംഗ്‌ളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ഗര്‍ഭിണി ആയപ്പോള്‍ ഗര്‍ഭഛിദ്രത്തിനു വിധേയയാക്കുകയും ചെയ്തുവെന്ന കേസിലെ പ്രതിയെ 20 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ബെല്‍ത്തങ്ങാടി കതിരുദ്യാവാരം, കൊപ്പടങ്ങാടിയിലെ കെ സുധീറി(27)നെയാണ് മംഗ്‌ളൂരു, ജില്ലാ അഡീഷണല്‍ സെഷന്‍സ് പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പതിമൂന്നുകാരിയാണ് പീഡനത്തിനു ഇരയായത്. പെണ്‍കുട്ടി അവധി ദിവസങ്ങളില്‍ പ്രതിയുടെ വീട്ടില്‍ ടി വി കാണാന്‍ എത്തിയിരുന്നു. 2021 ഡിസംബര്‍ മാസത്തിലാണ് പെണ്‍കുട്ടി ആദ്യമായി പീഡനത്തിനു ഇരയായത്. മുത്തശ്ശിയുടെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തി. പിന്നീട് പെണ്‍കുട്ടിയെ പലതവണ പീഡനത്തിനു ഇരയാക്കി. 2022 ആഗസ്റ്റ് മാസത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇതോടെ ഗര്‍ഭഛിദ്രം നടത്താന്‍ സുധീര്‍ പദ്ധതിയിട്ടു. പെണ്‍കുട്ടിയും സുധീറും വിവാഹിതരാണെന്നും ഗര്‍ഭഛിദ്രം നടത്തണമെന്നും ആവശ്യപ്പെട്ട് ചിക്മംഗ്‌ളൂരുവിലെ ആശുപത്രിയെ സമീപിച്ചു. പെണ്‍കുട്ടിയുടെ മാതാവിനെയും തെറ്റിദ്ധരിപ്പിച്ചാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നാണ് കേസ്. പിന്നീട് സംഭവം പുറത്തു വരികയും പൊലീസ് പോക്‌സോ പ്രകാരം കേസെടുക്കുകയുമായിരുന്നു.