പുത്തൂര്‍: വിവാഹപാര്‍ട്ടിയുമായി പോവുകയായിരുന്ന ബസ് സ്കൂള്‍ ബസുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയില്‍ സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പുത്തൂരില്‍ നിന്നു സുള്ള്യയിലേക്ക് പോവുകയായിരുന്നു ബസ്. പുത്തൂര്‍, കാവിനടുത്ത് ആംചിനടുക്കയില് എത്തിയപ്പോള്‍ എതിര് ഭാഗത്തു നിന്നു പെര്ലംപടിയിലേക്ക് കുട്ടികളെയെടുക്കാന്‍ പോവുകയായിരുന്ന സ്കൂള്‍ ബസുമായി കൂട്ടിയിടിക്കുന്നത് ഇല്ലാതാക്കുന്നതിന് വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസിന്റെ ഡ്രൈവര്‍ പെട്ടെന്ന് സൈഡിലേക്ക് വെട്ടിക്കുകയായിരുന്നു. ഈ സമയത്ത് നിയന്ത്രണം വിട്ട ബസ് റോഡരുകിലെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടസമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഡ്രൈവറുടെ മനോധൈര്യമാണ് വലിയൊരു അപകടം ഒഴിവാക്കിയതെന്നു വിവാഹപാര്‍ട്ടിയില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു.