മംഗളൂരു : കർണാടക കുന്ദാപുരയിൽ പയ്യന്നൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. ബുധനാഴ്ച വൈകിട്ട് മൂന്നിനായിരുന്നു അപകടം. മൂകാംബികയിലെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട പയ്യന്നൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പയ്യന്നൂർ തായ്നേരി കൈലാസിൽ നാരായണൻ, ഭാര്യ വത്സല, അയൽവാസി കൗസ്തുപത്തിൽ മധു, ഭാര്യ അനിത, അന്നൂർ സ്വദേശി റിട്ട അധ്യാപകൻ ഭാർഗവൻ, ഭാര്യ ചിത്രലേഘ, കാർ ഡ്രൈവർ ഫസിൽ എന്നിവരാണ് അപകടത്തിൽപെട്ടത്. അനിത ചിത്രലേഖ വത്സല എന്നിവരാണ് മണിപ്പാൽ ആശുപത്രിയിലെ ഐ സി യൂവിൽ ഉള്ളത്. മണിപ്പാൽ ആശുപത്രിയിലുള്ള നാരായണ ൻ അപകട നില തരണം ചെയ്തു. കുമ്പാഷി ഗ്രാമത്തിന് സമീപം ദേശീയപാത 66-ൽ ചണ്ഡിക ദുർഗപരമേശ്വരി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ദേശീയ പാതയിൽ നിന്ന് കാർ ക്ഷേത്രത്തിലേക്ക് തിരിയാനായി പിറകോട്ട് എടുക്കുന്നതിനിടെ പിറകിൽ നിന്ന് വരികയായിരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു. ലോറി നിയന്ത്രണം വിട്ടാണ് കാറിൽ ഇടിച്ചത്. കാർ വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ് പയ്യന്നൂരിൽ നിന്ന് സംഘം കർണാടകയിലേക്ക് പുറപ്പെട്ടത്.