കാഞ്ഞങ്ങാട്: നഗരസഭാ ചെയര്‍മാന്‍ ആയിരുന്ന എന്‍.എ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മാവോയിസ്റ്റ് നേതാവ് സോമനെ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്)യില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിപ്പിച്ചു. കേസ് 26ലേക്ക് മാറ്റിവച്ചു.
മാവോയിസ്റ്റ് കബനീദളം നേതാവും കമാന്ററുമായ വിക്രം ഗൗഡയെ കഴിഞ്ഞ ദിവസം കാര്‍ക്കളയ്ക്കു സമീപത്തു പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സാഹചര്യത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് സോമനെ കാസര്‍കോട്ടെത്തിച്ച് കോടതിയില്‍ ഹാജരാക്കിയത്. 2007ലാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിന് ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അന്ന് നഗരസഭാ ചെയര്‍മാന്‍ ആയിരുന്ന എന്‍.എ ഖാലിദിനെതിരെ പ്രതിഷേധമുണ്ടായത്. ഓഫീസിലേക്ക് എത്തുന്നതിനിടയില്‍ മുദ്രാവാക്യം വിളികളുമായി എത്തിയ സംഘം ഖാലിദിനെ ശാരീരികമായി ആക്രമിച്ചുവെന്നാണ് കേസ്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സോമനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. 2024 ജുലായ് 28ന് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു വച്ചാണ് സോമനെ തണ്ടര്‍ബോള്‍ട്ടും ഭീകരവിരുദ്ധ സേനയും ചേര്‍ന്ന് പിടികൂടിയത്. വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി സോമനെതിരെ 66 കേസുകളുണ്ട്.