നാരായണന്‍ പേരിയ
”അറിഞ്ഞോ, അതിന്റെ ആള് ഞമ്മളാ” ഭര്‍ത്താവില്ലാത്തൊരു യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ ഉടനെ ഒരവകാശിയെത്തും. ഉറക്കെ -(എന്നാല്‍ പതുക്കെ എന്ന ഭാവത്തില്‍) പ്രഖ്യാപിക്കും. ”അതിന്റെ ആള് ഞമ്മളാ”.
ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മരണമില്ലാത്ത കഥാപാത്രം-”എട്ടുകാലി മമ്മൂഞ്ഞ്” ആത്മകഥ എഴുതുന്ന പലരും ഈ മമ്മൂഞ്ഞിന്റെ പുനരവതാരങ്ങളാണ്. വിശേഷിച്ചും രാഷ്ട്രീയക്കാര്‍. അവരുടെ ആത്മകഥ വായിക്കാനാണല്ലോ ഇക്കാലത്ത് എല്ലാവര്‍ക്കും താല്‍പ്പര്യം. അതിനെക്കുറിച്ചും ഇതിനെക്കുറിച്ചും എന്ത് പറയുന്നു എന്നറിയണമല്ലോ. കുറേ വിവാദങ്ങളുണ്ടാക്കിയ ആളല്ലേ. അയാളുടെ പാര്‍ട്ടിയില്‍ത്തന്നെ അക്കാലത്ത് വാദിയും പ്രതിയുമുണ്ടായിരുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നറിയാമല്ലോ. ”കുതിര മുഖത്തു നിന്നേ നേരറിയൂ” എന്നുണ്ടല്ലോ.
സ്വജീവിതം ”സത്യാന്വേഷണ പരീക്ഷണങ്ങളാ”യി കണ്ട ബാപ്പുജി ആത്മകഥ എഴുതിയപ്പോള്‍ കൊടുത്ത പേര് അതായിരുന്നു. ”എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍”. പണ്ഡിറ്റ് ജി യോ? ഇന്ത്യയെ കണ്ടെത്താന്‍ ശ്രമിച്ചു; ആ പേരിട്ടു തന്റെ ആത്മകഥയ്ക്ക് മൗലാനാ ആസാദ് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ചരിത്രമെഴുതി- അതില്‍ തനിക്കും ഒരു പങ്കുണ്ടായിരുന്നു എന്ന അര്‍ത്ഥം വരുന്ന പേരിട്ടു.
സമ്പൂര്‍ണ്ണ ആത്മകഥയല്ല തോപ്പില്‍ ഭാസി എഴുതിയത്. ഒളിവില്‍ക്കഴിഞ്ഞ കാലത്തെ സ്മരണീയ സംഭവങ്ങളാണ്. ”ഒളിവിലെ ഓര്‍മ്മകള്‍”. ഉന്നതാധികാരികളില്‍ നിന്നും ചില സഹപ്രവര്‍ത്തരില്‍ നിന്നും ഒരുപാട് ദുരനുഭവങ്ങളുണ്ടായി എം കെ കെ നായര്‍ക്ക് (എഫ് എ സി ടിയുടെ മാനേജിംഗ് ഡയറക്ടര്‍) എന്നിട്ടും ആരോടും പരിഭവിച്ചില്ല. ”ആരോടും പരിഭവമില്ലാതെ” എന്ന സത്യാവാങ് മൂലം ആത്മകഥയുടെ ശീര്‍ഷകമാക്കി.
ഇപ്പോള്‍ വിവാദമായിരിക്കുന്നത് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഇ പി ജയരാജന്റെ ആത്മകഥയാണ്. ”കട്ടന്‍ചായയും പരിപ്പ് വടയും” ഡി സി ബുക്സിന് പ്രസിദ്ധീകരണത്തിന് നല്‍കിപോലും. അതിലെ ചില ഭാഗങ്ങള്‍ എന്ന പേരില്‍ ചില മാധ്യമങ്ങള്‍ ഉദ്ധരിച്ചു. പാര്‍ട്ടിയെയും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തെയും വിമര്‍ശിക്കുന്ന ഭാഗങ്ങളാണ് പുറത്തായത്. താന്‍ പറഞ്ഞത് കാലം തെളയിക്കട്ടെ എന്ന പരാമര്‍ശം പ്രചരിപ്പിക്കപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പ് ദിവസം ജയരാജന് വിശദീകരണം നല്‍കേണ്ടിവന്നു; പാര്‍ട്ടിക്കും.
”ഇപ്പോള്‍ പ്രചരിക്കുന്നത് തന്റെ ആത്മകഥയുടെ ഭാഗമല്ല; പുസ്തകം പൂര്‍ത്തിയാക്കിയിട്ടില്ല എന്ന് ജയരാജന്‍ പറഞ്ഞു. വിവാദങ്ങളുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ പി ജയരാജന്‍ ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ടത്രേ. ഡി സി ബുക്സിന് അഡ്വ. കെ വിശ്വന്‍ വഴി വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ടത്രേ. അതിന്റെ വിധി വരട്ടെ; അന്വേഷണ റിപ്പോര്‍ട്ടും അതുവരെ നില്‍ക്കരുതോ?
ഇപ്പോള്‍ പുറത്ത് വന്നത് തന്റെ ആത്മകഥയിലുള്ളതല്ല; താന്‍ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂര്‍ത്തിയായിട്ടില്ല; പ്രസിദ്ധീകരിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടുമില്ല. ആ സ്ഥിതിക്ക് പുസ്തകത്തിന്റെ കോപ്പി കിട്ടി എന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍? അന്വേഷിക്കണം” എന്ന് ഇ പി മാധ്യമങ്ങളോട് പറഞ്ഞു.
” ഡി സി ബുക്സ് ആത്മകഥ പ്രസിദ്ധീകരിക്കട്ടെ എന്ന് ചോദിച്ചിരുന്നു. മാതൃഭൂമി ബുക്സും ചോദിച്ചു. മാതൃഭൂമിക്ക് നല്‍കാനുള്ള മാനസികാവസ്ഥയിലാണ് താനിപ്പോഴുള്ളത്. എഴുതിത്തീര്‍ന്നിട്ടില്ല ഇതുവരെ. എഴുതിയിടത്തോളം ഉള്ളത് ടൈപ്പ് ചെയ്യാന്‍ ഒരാളെ ഏല്‍പ്പിച്ചു. അത്രമാത്രം. ആത്മകഥയ്ക്ക് ”പരിപ്പ് വടയും കട്ടന്‍ ചായയും” എന്ന് ആരെങ്കിലും പേര്‍ നല്‍കുമോ?”
‘ആത്മകഥ’യില്‍ തെളിയുന്നത് എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമി, കോഴിക്കോട് ലേഖകന്‍ എഴുതി പഴുതുകള്‍ കൃത്യമായിട്ടുള്ള പരാതിയാണ് ഇ പി ഇപ്പോള്‍ ഡി ജി പിക്ക് നല്‍കിയത്. പ്രസിദ്ധീകരിക്കുന്നതിന് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് ഡി സി വൃത്തങ്ങള്‍ പറയുന്നു. ബുധനാഴ്ച നടത്താനിരുന്ന പ്രകാശനം സാങ്കതിക കാരണങ്ങളാല്‍ മാറ്റി വയ്ക്കുകയായിരുന്നു എന്ന് അവര്‍ പറയുന്നു. ഈ അവകാശവാദം തള്ളിക്കളയുന്ന ഒന്നും തന്നെ ഇ പിയുടെ പരാതിയില്‍ ഇല്ല. -ഡി ജി പിക്ക് നല്‍കിയ പരാതിയുടെ കോപ്പി മാതൃഭൂമി ലേഖകനും കിട്ടിയോ? രണ്ട് പ്രസാധകന്മാര്‍ തമ്മിലുള്ള തര്‍ക്കമാണോ യഥാര്‍ത്ഥത്തില്‍?
താന്‍ ആത്മകഥ എഴുതും എന്ന് പറഞ്ഞതേയുള്ളൂ. അപ്പോഴേയ്ക്കും ആത്മകഥയുലെ ഭാഗങ്ങള്‍ എന്ന് പറഞ്ഞ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. താനൊരിക്കലും ചിന്തിക്കാത്ത പേരോടെ (കട്ടന്‍ ചായയും പരിപ്പ് വടയും) -ജയരാജന്‍പറഞ്ഞത്.
ആത്മകഥാ വിവാദം ഉപതിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി പരിശോധിച്ചേക്കും.- ഒരു പത്രത്തില്‍ കണ്ടത് പാര്‍ട്ടിയുടെ മനസ്സു വായിക്കാന്‍ കഴിയും ലേഖകര്‍ക്ക്! ” ഏക്കും” പുതിയ മാധ്യമ ശൈലി!
” പ്രീ പബ്ലിക്കേഷന്‍” എന്ന് കേട്ടിട്ടുണ്ട്. ഇത് ”ഫ്രീ -പബ്ലിസിറ്റി”യോ? പ്രസാധക തന്ത്രം? ലാഭമോഹികള്‍ എന്തും ചെയ്യും.