പഥേര്‍ പാഞ്ചാലി സിനിമയിലൂടെ ശ്രദ്ധേയയായ നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചാലിയിലൂടെ ശ്രദ്ധേയയായ നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. അര്‍ബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. ഉമാ ദാസ് ഗുപ്തയുടെ മരണവാർത്ത ആദ്യം ലോകത്തെ അറിയിച്ചത് നടൻ ചിരഞ്ജിത് ചക്രവർത്തിയാണ്. ഉമാ ദാസ് ഗുപ്തയുടെ മകളാണ് മരണവിവരം അറിയിച്ചതെന്ന് ചിരഞ്ജിത് അറിയിച്ചു. 1955-ൽ സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി എന്ന ചിത്രത്തിലെ ദുർഗ്ഗായുടെ വേഷത്തിലൂടെയാണ് ഉമ ദാസ് ഗുപ്ത പ്രശസ്തയായത്. 14ാം വയസിലായിരുന്നു അഭിനയം. കുട്ടിക്കാലം മുതൽ നാടകവേദികളിൽ സജീവമായിരുന്ന ഉമയുടെ പ്രകടനം കണ്ട് സത്യജിത് റേ തന്റെ സിനിമയിലെ പ്രധാന കഥാപാത്രമാകാൻ തെരഞ്ഞെടുക്കുകയായിരുന്നു. പഥേർ പാഞ്ചാലിക്ക് പുറമെ കൗശിക് ഗാംഗുലിയുടെ അപൂർ പാഞ്ചാലി (2015), ലോക്കി ചേലേ (2022) എന്നീ ചിത്രങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടു. എന്നാൽ പിന്നീട് മുഖ്യധാരാ സിനിമാ രംഗത്തേക്ക് കടന്നില്ല. സിനിമ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഉമ അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. സത്യജിത് റേ സംവിധാനം ചെയ്ത ഈ ചിത്രം 1929 ലെ ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായയുടെ ഇതേ പേരിലുള്ള ബംഗാളി നോവലിന്‍റെ ചലച്ചിത്ര ആവിഷ്കാരമാണ്. ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, പിനാകി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ഒരു സഹോദരന്റേയും സഹോദരിയുടേയും ജീവിതം പറഞ്ഞ ചിത്രമാണ് പഥേര്‍ പാഞ്ചാലി. ഇന്നും സിനിമാപ്രേമികളുടെ ചര്‍ച്ചകളില്‍ ഈ സിനിമയും ദുര്‍ഗ എന്ന കഥാപാത്രവും സജീവമാണ്. സിനിമാജീവിതം ഉപേക്ഷിച്ച ശേഷം അധ്യാപികയായാണ് ജോലി നോക്കിയത്. ഒരു മകളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച കേസ്: മാവോയിസ്റ്റ് നേതാവ് സോമനെ കാസര്‍കോട്ടെത്തിച്ച് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു; വിക്രംഗൗഡയെ വെടിവെച്ചു കൊന്ന പശ്ചാത്തലത്തില്‍ പ്രതിയെ എത്തിച്ചത് വന്‍ സുരക്ഷയോടെ

You cannot copy content of this page