കാസര്‍കോട്: 26 മുതല്‍ 30 വരെ ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തിനായി കൈകോര്‍ത്ത് ജനപ്രതിനിധികള്‍. ഭാരിച്ച സാമ്പത്തിക ചിലവുകള്‍ വേണ്ടിവരുന്ന കലോത്സവത്തിന് സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് കഴിച്ചു ബാക്കി വരുന്ന ഭാഗം സംഘാടക സമതി കണ്ടെത്തേണ്ടതുണ്ട് കലോത്സവത്തിന്റെ നടത്തിപ്പിന്. അതിനായുള്ള പരിശ്രമത്തിലാണ് സംഘാടകസമിതിയും നാട്ടുകാരും. ഇതിന്റ ഭാഗമായാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലമും കഴിഞ്ഞ ദിവസം രംഗത്ത് ഇറങ്ങിയത്. പടന്നയിലേ പൗരപ്രമുഖര്‍, വ്യവസായികള്‍ എന്നിവരെ നേരില്‍കണ്ട് സാമ്പത്തിക സമാഹരണം നടത്തി. സംഘാടകസമിതി ഭാരവാഹികളായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി. ലീന, കെ.വി.ജതീന്ദ്രന്‍, രമേശന്‍ മുണ്ടവളപ്പില്‍, വി. മനോജ് എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ഞായറഴ്ച നടന്ന ജനപ്രതിനിധികളും അധ്യാപകരും കുട്ടികളും പി.ടി.എ കമ്മിറ്റികളും ചേര്‍ന്ന് 15 വാര്‍ഡില്‍ നടത്തിയ ഗൃഹ സന്ദര്‍ശന പരിപാടിക്ക് സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മാധവന്‍ മണിയറയും പഞ്ചായത്തംഗവും സിനിമാ നടനുമായ പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററും നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ സമീപ പഞ്ചായത്തുകളിലും കയറിയിറങ്ങി സാമ്പത്തികം സ്വരൂപിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി.