ആലപ്പുഴ: മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവ സംഘം തന്നെ. എറണാകുളം കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നും ശനിയാഴ്ച പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളെ അറിയിച്ചു.
നെഞ്ചില്‍ പച്ച കുത്തിയതാണ് ആളെ തിരിച്ചറിയാന്‍ നിര്‍ണായകമായത്. പാലായില്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയതും ഇവരായിരുന്നു. പ്രതിയെ പിടിച്ച കുണ്ടനൂരില്‍ നിന്നും ചില സ്വര്‍ണ്ണ ഉരുപ്പടികള്‍ കിട്ടിയിട്ടുണ്ട്. കഷ്ണങ്ങളാക്കിയ നിലയിലുള്ള ആഭരണങ്ങളാണ് ലഭിച്ചത്. സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തില്‍ വ്യക്തത വരാനുണ്ട്. പിടിയിലായ സന്തോഷിന്റെ പേരില്‍ ചങ്ങനാശേരി, പാലാ, ചിങ്ങവനം സ്റ്റേഷനുകളിലായി നാല് കേസുകളുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. ആലപ്പുഴ മണ്ണഞ്ചേരിയിലും കോമളപുരത്തും കവര്‍ച്ച നടത്തിയതും സന്തോഷ് ശെല്‍വവും മണികണ്ഠനും അടങ്ങുന്ന സംഘമെന്നാണ് പൊലീസ് പറയുന്നു. ശനിയാഴ്ച വൈകീട്ട് കുണ്ടന്നൂര്‍ പാലത്തിനടിയില്‍ വെച്ചാണ് തമിഴ്‌നാട് സ്വദേശികളായ സന്തോഷ് ശെല്‍വത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട സന്തോഷ് ശെല്‍വത്തെ നാല് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ചതുപ്പില്‍ നിന്നാണ് സാഹസികമായി പിടികൂടിയത്.
