തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് മന്ത്രി വി ശിവന്‍കുട്ടി. സമാപന സമ്മേളനം മികച്ച നിലയില്‍ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്‌കൂളിന്റെ പേരിലുള്ള തര്‍ക്കം തിരുനാവായ നാവാമുകുന്ദ സ്‌കൂള്‍ ഉന്നയിക്കുന്നത്. സ്‌കൂളിന്റെ പ്രതിനിധിയുമായി വേദിയില്‍ വച്ച് തന്നെ കുടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്നു മന്ത്രി പറഞ്ഞു. സാംസ്‌കാരിക പരിപാടി തടയാനും വളണ്ടിയര്‍മാരെ മര്‍ദ്ദിക്കാനും ശ്രമമുണ്ടായി. കായികമേളയുടെ അന്തസിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന രീതിയില്‍ ആയിരുന്നു വിരലിലെണ്ണാവുന്നവരുടെ പ്രവര്‍ത്തനം. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും. മേളയെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായ അപലപിക്കുന്നു. 24,000 കായികതാരങ്ങള്‍ പങ്കെടുത്ത മേളയില്‍ തിരുനാവായ നാവാമുകുന്ദ സ്‌കൂളില്‍ നിന്ന് 31 കായികതാരങ്ങളും മാര്‍ ബേസിലില്‍ നിന്ന് 76 കായികതാരങ്ങളും ആണ് പങ്കെടുത്തത്. 2018 ഓഗസ്റ്റ് 17നാണ് കേരള സ്‌കൂള്‍ കായികമേളയുടെ മാനുവല്‍ പരിഷ്‌കരിച്ചത്. ഇതില്‍ ഒരിടത്തും ജനറല്‍ സ്‌കൂള്‍ എന്നും സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നും വേര്‍തിരിവ് വേണമെന്ന് പറയുന്നില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
