തഞ്ചാവൂര്‍: ക്ലാസില്‍ സംസാരിച്ചതിന് പ്രധാനാദ്ധ്യാപിക വിദ്യാര്‍ത്ഥികളുടെ വായില്‍ ടേപ്പ് ഒട്ടിച്ച് ക്രൂരത. ഒരു പെണ്‍കുട്ടിയുള്‍പ്പെടെ നാലാം ക്ലാസില്‍ പഠിക്കുന്ന അഞ്ചുവിദ്യാര്‍ത്ഥികളുടെ വായിലാണ് ടേപ്പ് ഒടിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ഒറത്തനാടിനടുത്തുള്ള അയ്യമ്പട്ടിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിനാണ് സംഭവം നടന്നത്. സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ തഞ്ചാവൂര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയും എലമെന്ററി സ്‌കൂള്‍ ജില്ലാ ഓഫീസറും ആരോപണങ്ങള്‍ നിഷേധിച്ചു. ഒക്ടോബര്‍ 21 നാണ് സ്‌കൂളില്‍ സംഭവം നടന്നത്. നാലുമണിക്കൂറോളം കുട്ടികളെ ടേപ്പ് ഒട്ടിച്ചു നിറുത്തിയെന്നും കുട്ടികള്‍ക്ക് ശ്വാസ തടസം ഉണ്ടായതായും ആരോപണമുണ്ട്.
ടീച്ചര്‍ ഇല്ലാത്തതിനെത്തുടര്‍ന്നാണ് പ്രധാനാധ്യാപിക ക്ലാസില്‍ പകരം എത്തിയത്. സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്ക്ക് യാതൊരു പങ്കുമില്ലെന്നും കുട്ടികള്‍ പരസ്പരം വായില്‍ ടേപ്പ് ഒട്ടിച്ചതാണെന്നും എലിമെന്ററി സ്‌കൂള്‍ ജില്ലാ ഓഫീസര്‍ മതിയഴകന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും കുട്ടികള്‍ കളിക്കിടെ ചെയ്തതാണെന്നും ഇതിന്റെ ഫോട്ടോ ആരോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും സ്‌കൂള്‍ പ്രധാനദ്ധ്യാപികയായ പുനിത പ്രതികരിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രധാന അധ്യാപികയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വിവാദമായതോടെ അധ്യാപികയുടെ മൊബൈല്‍ ഓഫായ നിലയിലാണ്.