ചെന്നൈ: തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലുമായി 400 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുനെല്‍വേലി സ്വദേശിയാണ്. വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. വ്യോമ സേനയില്‍ ജോലി ചെയ്യുന്നതിനിടെ ദില്ലിയിലെ നാടക സംഘത്തില്‍ സജീവമായിരുന്നു. സിനിമയില്‍ അഭിനയിക്കാനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. സിനിമയിലെത്തിയശേഷം കെ ബാലചന്ദര്‍ ആണ് ഗണേശന്‍ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേശ് എന്ന പേര് നല്‍കിയത്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ദേവാസുരം എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷക മനസില്‍ എന്നും തങ്ങി നില്‍ക്കുന്നു. ഭാനുമതിക്കായി മംഗലശേരി നീലകണ്ഠനോട് കയര്‍ത്ത് സംസാരിച്ച പണിക്കരെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളികള്‍ക്ക് സാധ്യവുമല്ല. അവ്വൈ ഷണ്‍മുഖി, തെന്നാലി, സിന്ധുഭൈരവി, നായകന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധമായിരുന്നു. സംസ്‌കാരം ഞായറാഴ്ച ചെന്നൈയില്‍ നടക്കും.